കവലകളിൽ വൈദ്യുതദീപാലങ്കാരങ്ങൾ സ്ഥാപിച്ചു; ദസറ ആഘോഷത്തിനൊരുങ്ങി കൊട്ടാരനഗരി

ബെംഗളൂരു : ചരിത്രപ്രസിദ്ധമായ ദസറ ആഘോഷത്തിന് കന്നഡ നാട്ടിലെ കൊട്ടാരനഗരിയായ മൈസൂരു ഒരുങ്ങി. പത്തുദിവസത്തെ ആഘോഷം നേരിൽക്കാണാൻ മൈസൂരുവിലേക്ക് വിനോദസഞ്ചാരികളൊഴുകും.

ഇവരെ എതിരേൽക്കാൻ നഗരമൊരുങ്ങി. ഹോട്ടലുകളും ലോഡ്ജുകളും മറ്റുമായി നഗരത്തിലെ വിനോദസഞ്ചാരമേഖലയിൽ പ്രവർത്തിക്കുന്ന മലയാളികളും വലിയ പ്രതീക്ഷയിലാണ്.

ഒക്ടോബർ മൂന്നിന് ചാമുണ്ഡിമലയിൽ ഇത്തവണത്തെ ദസറ ആഘോഷത്തിന് തിരിതെളിയും. ആഘോഷത്തിന്റെഭാഗമായി നഗരം ദീപാലംകൃതമായിത്തുടങ്ങി.

കവലകളിൽ വൈദ്യുതദീപാലങ്കാരങ്ങൾ സ്ഥാപിച്ചു. ചിലയിടത്ത് റോഡുകൾ ചായംപൂശി മനോഹരമാക്കി. കൊട്ടാരവളപ്പ് ദസറ ആഘോഷത്തിന്റെ ഒരുക്കത്തിലാണ്. വിജയദശമി നാളിൽനടക്കുന്ന ജംബൂസവാരിക്കായി എത്തിച്ച ആനകൾ നഗരത്തെ ദസറയുടെ ആവേശത്തിലാക്കി. കൊട്ടാരത്തിൽനിന്ന് നഗരത്തിലെ ബന്നിമണ്ഡപത്തിലേക്കാണ് ഘോഷയാത്ര.

ദസറയ്ക്ക് മുന്നോടിയായി യുവസംഭ്രമപരിപാടി തുടങ്ങി. വിവിധ കലാപരിപാടികളാണ് ഇതിൽ അരങ്ങേറുന്നത്. കന്നഡ എഴുത്തുകാരനും ഗവേഷകനുമായ ഹംപ നാഗരാജയ്യയാണ് ഇത്തവണ ദസറയുടെ ഉദ്ഘാടകൻ.

തുടർന്നുള്ള ദിവസങ്ങളിൽ യുവദസറ, കർഷകദസറ, ദസറപ്രദർശനം, സിനിമാപ്രദർശനം, കായികമേള തുടങ്ങിയവയുണ്ടാകും. നഗരത്തിലെ വിവിധ വേദികളിൽ സാംസ്‌കാരികപരിപാടികൾ അരങ്ങേറും.

അംബാവിലാസ് കൊട്ടാരം ദീപപ്രഭയിൽ മുങ്ങിനിൽക്കുന്ന കാഴ്ച ചേതോഹരമാകും. ആഘോഷത്തിനായി കൊട്ടാരത്തിലെ സുവർണസിംഹാസനമൊരുങ്ങും.

വൊഡയാർ രാജകുടുംബത്തിന്‍റെ ആചാരദർബാർ നടക്കും. വിജയദശമിനാളിൽ 14 ആനകൾ അണിനിരക്കുന്ന ജംബൂസവാരി കൊട്ടാരത്തിൽനിന്ന് ആരംഭിക്കുമ്പോൾ നഗരം ജനനിബിഡമാകും. ചാമുണ്ഡേശ്വരിയുടെ വിഗ്രഹം സുവർണ അംബാരിയിൽ ആനപ്പുറത്ത് എഴുന്നള്ളിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us