ബെംഗളൂരു : മലപ്പുറത്ത് നിപ ബാധിച്ച് ബെംഗളൂരുവിലെ കോളേജ് വിദ്യാർഥി മരിച്ചതിനെത്തുടർന്ന് നിരീക്ഷണം ശക്തമാക്കി കർണാടക ആരോഗ്യവകുപ്പ്.
ബെംഗളൂരുവിലെ സ്വകാര്യ കോളേജിലെ വിദ്യാർഥിയാണ് മലപ്പുറത്ത് മരിച്ചത്. ആരോഗ്യവകുപ്പിന്റെ രോഗനിരീക്ഷണ വിഭാഗത്തിൽനിന്നുള്ള സംഘം കോളേജ് സന്ദർശിച്ചു.
വിദ്യാർഥികളും ജീവനക്കാരുമടക്കം 32 പേർ സംസ്കാര ചടങ്ങിൽ പങ്കെടുത്തതായി സ്ഥിരീകരിച്ചു. മരിച്ച വിദ്യാർഥിയെ നാട്ടിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ മൂന്നു വിദ്യാർഥികൾ സന്ദർശിച്ചിരുന്നതായും കണ്ടെത്തി.
സംസ്കാര ചടങ്ങിൽ പങ്കെടുത്ത ആർക്കും രോഗ ലക്ഷണങ്ങളില്ലെന്നും അവരിൽ പലരും ബെംഗളൂരുവിൽ മടങ്ങിയെത്തിയെന്നും ആരോഗ്യവകുപ്പു മന്ത്രി ദിനേശ് ഗുണ്ടുറാവു അറിയിച്ചു.
നിപ വൈറസിനെക്കുറിച്ച് ആശങ്കയുണ്ടെങ്കിലും ജനങ്ങൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിക്കുകയോ രോഗലക്ഷണങ്ങളുണ്ടാവുകയോ ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മരിച്ച വ്യക്തിയുമായി പ്രാഥമിക, ദ്വീതിയ സമ്പർക്കപ്പട്ടികയിലുള്ളവരെ നിരീക്ഷിക്കാൻ ചിക്കബാനവാര, ഗോപാൽപുര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാർക്കും മെഡിക്കൽ ഓഫീസർമാർക്കും ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.
സമ്പർക്കത്തിൽ വന്നവരെ കണ്ടെത്താനുള്ള ശ്രമം നടത്തി വരുകയാണ് ഉദ്യോഗസ്ഥർ. ബെംഗളൂരുവിലുള്ള പ്രാഥമിക സമ്പർക്കത്തിൽപ്പെട്ട രണ്ടുപേർക്ക് രോഗലക്ഷണങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അണുബാധയുള്ളതായി സംശയമുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക, അസുഖങ്ങളുള്ള മൃഗങ്ങളുമായി സമ്പർക്കം ഒഴിവാക്കുക, മൃഗങ്ങളോ പക്ഷികളോ പകുതി ഭക്ഷിച്ച പഴങ്ങൾ കഴിക്കരുത്, പഴങ്ങൾ നന്നായി കഴുകി ഉപയോഗിക്കുക എന്നിവയാണ് മുഖ്യനിർദേശങ്ങൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.