ജോലിക്കായി വ്യാജ മാർക്ക് കാർഡ്: 37 ഉദ്യോഗാർഥികൾ അറസ്റ്റിൽ
ബെംഗളൂരു : കർണാടക ജലവിഭവവകുപ്പിൽ നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് വഴി ജോലിയിൽ പ്രവേശിക്കാൻ വ്യാജരേഖകൾ സമർപ്പിച്ച 37 പേരെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) അറസ്റ്റുചെയ്തു.
രണ്ടാംവർഷ പി.യു.സി. പരീക്ഷയുടെ മാർക്ക് കാർഡാണ് വ്യാജമായി നിർമിച്ച് അപേക്ഷയോടൊപ്പം സമർപ്പിച്ചത്.
2022 ഒക്ടോബറിലാണ് 182 തസ്തികകളിലേക്ക് ജലവിഭവവകുപ്പ് ഓൺലൈനായി അപേക്ഷ ക്ഷണിച്ചത്.
ക്രമക്കേട് തോന്നിയതിനെത്തുടർന്ന് 2023 ജൂലായ് 28-ന് ജലവിഭവവകുപ്പ് സി.സി.ബി.ക്ക് പരാതി നൽകി.
തുടർന്ന് കേസെടുത്ത് അന്വേഷണം നടത്തിയപ്പോൾ 62 ഉദ്യോഗാർഥികൾ 12-ാം ക്ലാസിന്റെ വ്യാജ മാർക്ക് കാർഡ് തയ്യാറാക്കിയാണ് ജോലിക്ക് അപേക്ഷിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. ഇതിൽ 37 പേരാണ് അറസ്റ്റിലായത്.
വ്യാജരേഖകൾ നിർമിച്ചുനൽകുന്ന സംഘത്തിലെ 11 പേരെയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. വ്യാജ മാർക്ക് കാർഡുകൾ തയ്യാറാക്കിനൽകുന്ന സംഘത്തിൽനിന്നാണ് ഉദ്യോഗാർഥികൾ ഉയർന്നമാർക്ക് രേഖപ്പെടുത്തിയുള്ള മാർക്ക് കാർഡ് സ്വന്തമാക്കിയത്.
രണ്ടാംവർഷ പി.യു.സി. പരീക്ഷയുടെ മാർക്ക് കാർഡുകളാണ് സംഘം പ്രധാനമായും നിർമിച്ചു നൽകിയത്.
വ്യാജരേഖകൾ സമർപ്പിച്ച 62 ഉദ്യോഗാർഥികളിൽ 25 പേരും കലബുറഗി ജില്ലയിൽനിന്നുള്ളവരാണ്. ഹാസനിൽനിന്ന് 12 പേരും വിജയപുര, ബീദർ, യാദ്ഗിർ എന്നിവിടങ്ങളിൽനിന്ന് മൂന്നുപേർവീതവും ബെലഗാവിയിൽനിന്ന് ഏഴുപേരും ചിത്രദുർഗ, കോലാർ എന്നിവിടങ്ങളിൽനിന്ന് രണ്ടുപേർവീതവും കോലാർ, കൊപ്പാൾ, റായ്ചൂരു, രാമനഗര, വിജയനഗർ എന്നിവിടങ്ങളിൽനിന്ന് ഒരാൾവീതവുമാണുള്ളത്.
ഇടനിലക്കാരിൽ മൂന്നുപേർ വിവിധ സർക്കാർവകുപ്പുകളിലെ ഉദ്യോഗസ്ഥരാണ്. പ്രതികളിൽനിന്ന് 17 മൊബൈൽ ഫോണുകളും കംപ്യൂട്ടർ ഹാർഡ് ഡിസ്‌കും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.