പീഡനക്കേസ്: സൂരജ് രേവണ്ണയ്ക്ക് ആദ്യത്തെ കേസിൽ  ഉപാധികളോടെ ജാമ്യം

ബെംഗളൂരു : പാർട്ടിപ്രവർത്തകനായ യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ജെ.ഡി.എസ്. എം.എൽ.സി. സൂരജ് രേവണ്ണയ്ക്ക് ഉപാധികളോടെ ജാമ്യം. സൂരജിന്റെ ഹർജിയിൽ ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് ജാമ്യമനുവദിച്ചത്.

അർക്കൽഗുഡ് സ്വദേശിയായ ജെ.ഡി.എസ്. പ്രവർത്തകൻ നൽകിയ പരാതിയിൽ സൂരജിനെ ജൂൺ 23-നാണ് പോലീസ് അറസ്റ്റുചെയ്തത്. ജോലി ലഭിക്കാൻ സഹായമാവശ്യപ്പെട്ട് ചെന്നപ്പോൾ സൂരജ് ഫാം ഹൗസിൽവെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നായിരുന്നു പരാതി.

തുടർന്ന് സൂരജിന്റെ മുൻസഹായിയും സമാനമായ പരാതിനൽകി. കോവിഡ് ലോക്ഡൗൺകാലത്ത് പീഡനത്തിനിരയാക്കിയെന്നായിരുന്നു പരാതി. രണ്ട് കേസുകളാണ് സൂരജിന്റെപേരിൽ പോലീസ് രജിസ്റ്റർചെയ്തത്. ഇതിൽ ആദ്യത്തെ കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്.

രണ്ടുലക്ഷം രൂപ ജാമ്യത്തുകയായി കെട്ടിവെക്കണം. പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം. കോടതിയുടെ അനുമതിയില്ലാതെ സംസ്ഥാനം വിട്ടുപോകാൻ പാടില്ലെന്നും നിർദേശമുണ്ട്.

കുറ്റപത്രം സമർപ്പിക്കുംവരേക്കോ ആറുമാസത്തേക്കോ എല്ലാ രണ്ടാം ശനിയാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥനുമുമ്പിൽ ഹാജരാകണമെന്നും നിർദേശിച്ചിട്ടുണ്ട്.

രണ്ടു കേസുകളിലും അന്വേഷണം പൂർത്തിയാക്കിയശേഷം തിരികെ കോടതിയിൽ ഹാജരാക്കിയ സൂരജിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിഞ്ഞുവരുന്നതിനിടെയാണ് ആദ്യ കേസിലെ ജാമ്യം.

രണ്ടാമത്തെ കേസിൽ ജാമ്യം ലഭിച്ചാലേ ജയിലിൽനിന്ന് പുറത്തിറങ്ങാനാകൂ. സൂരജിന്റെ സഹോദരനും ഹാസൻ മുൻ എം.പി.യുമായ പ്രജ്ജ്വൽ രേവണ്ണ ലൈംഗികപീഡനക്കേസിൽ റിമാൻഡിൽ പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയാണ്.

സ്ത്രീകളെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തുകയുംചെയ്ത കേസിലാണിത്. ഒട്ടേറെ സ്ത്രീകളെ പീഡനത്തിനിരയാക്കുന്നതിന്റെ വീഡിയോദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് കേസിൽ കുടുങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us