കർണാടക സർക്കാരിൽ വിശ്വാസം നഷ്ടപ്പെട്ടു; പ്രധാനമന്ത്രിയ്ക്ക് കത്ത് അയച്ച് അർജുന്റെ കുടുംബം 

ബെംഗളൂരു: ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി യുവാവ് അർജുന് വേണ്ടി നടത്തുന്ന രക്ഷാപ്രവർത്തനത്തില്‍ വിമർശനവുമായി കുടുംബം.

ഷിരൂരില്‍ കാര്യക്ഷമമായി ഒന്നും നടക്കുന്നില്ലെന്ന് അർജുന്റെ മാതാവ് പ്രതികരിച്ചു.

മകനെ കാണാതായിട്ട് 5 ദിവസമാകുന്നു, കാണാതായ ഉടനെ പോലീസില്‍ അറിയിച്ചെങ്കിലും ആദ്യ രണ്ട് ദിവസവും അലംഭാവമായിരുന്നു.

പിന്നീട് കാര്യങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്നാണ് കരുതിയത്. എന്നാല്‍ ഷിരൂരില്‍ ഒന്നും നടക്കുന്നില്ല.

ദൃക്സാക്ഷികള്‍ പറയുന്നത് കേള്‍ക്കാൻ അധികൃതർ തയ്യാറാവുന്നില്ല. മകനെക്കുറിച്ച്‌ ഓർത്ത് പേടി തോന്നുന്നുണ്ട്. ജീവനുണ്ടോയെന്ന് പോലും അറിയില്ല.

കർണാടക സർക്കാരിന്റെ രക്ഷാപ്രവർത്തനത്തില്‍ വിശ്വാസം നഷ്ടപ്പെട്ടു. ഒന്നുകില്‍ പട്ടാളത്തെ ഇറക്കണം. അല്ലെങ്കില്‍ കേരളത്തില്‍ നിന്ന് പോകാൻ തയ്യാറായി നില്‍ക്കുന്ന സന്നദ്ധരായ പ്രവർത്തകർക്ക് അനുമതി നല്‍കണം.

വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും കത്തയച്ചിട്ടുണ്ട്. സുരേഷ് ഗോപി വിളിച്ചിരുന്നു. എല്ലാ ഉറപ്പും നല്‍കിയിട്ടുണ്ടെന്നും അർജുന്റെ കുടുംബം പ്രതികരിച്ചു.

പ്രതീക്ഷകള്‍ നഷ്ടപ്പെട്ടത് കൊണ്ടാണ് ഇത്തരം ആവശ്യവുമായി മുന്നോട്ട് വരേണ്ടി വന്നത്. ആവശ്യമായ സഹായ സഹകരണങ്ങള്‍ ഉണ്ടാകുന്നില്ല.

മന്ത്രി പറയുന്നത് രണ്ട് ദിവസം കാത്തിരിക്കണമെന്നാണ്. ആദ്യഘട്ടത്തില്‍ തന്നെ അവിടുത്തെ പോലീസ് സ്‌റ്റേഷനില്‍ മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പരാതി നല്‍കിയതിന് തെളിവുണ്ട്.

പോലീസ് സ്‌റ്റേഷനില്‍ കയറിയിറങ്ങേണ്ടി വന്നു. എന്നിട്ടും അധികാരികള്‍ക്ക് വീഴ്ചകള്‍ സംഭവിച്ചു. ആദ്യ ദിനങ്ങളില്‍ ബന്ധുകള്‍ മാത്രമാണ് അപകട സ്ഥലത്ത് ഉണ്ടായിരുന്നത്.

പക്ഷേ രക്ഷാപ്രവർത്തനം നടത്താൻ ബന്ധുക്കളല്ലാതെ അവിടെ വേറെയാരും ഉണ്ടായില്ല.

അർജുനെ കിട്ടുന്നതുവരെ കൂടെ ഉണ്ടാകണം. രക്ഷാപ്രവർത്തം നിർത്തരുത്. രാത്രി വൈകിയാലും രക്ഷാദൗത്യം അവസാനിപ്പിക്കരുതെന്നും അർജുന്റെ കുടുംബം അഭ്യർത്ഥിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us