ബെംഗളൂരു : ബെംഗളൂരു അതിരൂപത ആർച്ച്ബിഷപ്പ് എമിരിറ്റസ് റവ. അൽഫോൺസസ് മത്യാസ് (96) അന്തരിച്ചു. ബുധനാഴ്ച വൈകീട്ട് ബെംഗളൂരു സെയ്ന്റ് ജോൺസ് മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം.
കഴിഞ്ഞ ഫെബ്രുവരിയിലാണ് ബിഷപ്പായതിന്റെ അറുപതാംവാർഷികം ആഘോഷിച്ചത്. ലോകത്തെ ഏറ്റവുംപ്രായമുള്ള ബിഷപ്പുമാരിൽ ഒരാളായിരുന്നു.
1928 ജൂൺ 22-ന് കർണാടകത്തിലെ അന്നത്തെ സൗത്ത് കാനറ ജില്ലയിലായിരുന്നു ജനനം. 1964 മുതൽ 1986 വരെ ചിക്കമഗളൂരു ബിഷപ്പും 1986 മുതൽ 1998 വരെ ബെംഗളൂരു ആർച്ച് ബിഷപ്പുമായിരുന്നു.
1989, 1993 വർഷങ്ങളിൽ സി.ബി.സി.ഐ. പ്രസിഡന്റായി. രണ്ടാം വത്തിക്കാൻ കൗൺസിലിൽ പങ്കെടുത്തിട്ടുണ്ട്. 1945 ജൂണിലാണ് മംഗളൂരു സെയ്ന്റ് ജോസഫ് സെമിനാരിയിൽ ചേർന്നത്.
ശ്രീലങ്കയിലെ കാൻഡിയിലായിരുന്നു തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചത്. 1954 ഓഗസ്റ്റ് 24-ന് കാൻഡിയിൽവെച്ച് പൗരോഹിത്യം സ്വീകരിച്ചു.
കർണാടകത്തിലെ ബജ്പെ സെയ്ന്റ് ജോസഫ് ഇടവകയിൽ സഹ വികാരിയായിട്ടായിരുന്നു ആദ്യനിയമനം. ഒരുവർഷത്തിനുശേഷം ഉന്നതപഠനത്തിനായി റോമിൽപ്പോയി.
കാനോനിക നിയമത്തിലും അന്താരാഷ്ട്ര സിവിൽ നിയമത്തിലും അറിവുനേടി. 35-ാം വയസ്സിലാണ് ചിക്കമഗളൂരു ബിഷപ്പായത്.
1974 മുതൽ 1982 വരെ ബെംഗളൂരു സെയ്ന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസ് ചെയർമാനായിരുന്നു.
ആർച്ച്ബിഷപ്പ് എമിരിറ്റസ് റവ. അൽഫോൺസസ് മത്യാസിന്റെ വിയോഗത്തിൽ ബെംഗളൂരു ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ അനുശോചിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.