ബെംഗളൂരു : വ്യാജ കൊറിയർ തട്ടിപ്പിൽപ്പെട്ട് ബെംഗളൂരുവിൽ സോഫ്റ്റ്‌വേർ എൻജിനിയർക്ക് 31.3 ലക്ഷം രൂപ നഷ്ടപ്പെട്ടു.
കോക്സ് ടൗണിൽ താമസിക്കുന്ന 26-കാരിക്കാണ് പണം നഷ്ടപ്പെട്ടത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ ഓഫീസിൽ ഇരിക്കുന്ന സമയത്താണ് കൊറിയർ കമ്പനിയിൽ നിന്നാണെന്ന് പറഞ്ഞ് ഫോൺകോൾ വന്നത്.
തന്റെ പേരിൽ തയ്‌വാനിലേക്ക് അയക്കാനുള്ള പാഴ്‌സൽ വന്നിട്ടുണ്ടെന്നും ഇതിൽ മയക്കുമരുന്ന്, പാസ്‌പോർട്ടുകൾ, ലാപ്‌ടോപ്പുകൾ എന്നിവയാണുള്ളതെന്നും കൂറിയർ കമ്പനി പ്രതിനിധിയെന്ന് പരിചയപ്പെടുത്തിയ ആൾ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് മുംബൈ ക്രൈം ബ്രാഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.
ഇതെല്ലാം സത്യമാണെന്ന് വിശ്വസിപ്പിക്കുന്നതിനായി ഫോൺ വിളിച്ചയാൾ യുവതിയുടെ പേരും ഫോൺനമ്പറും ആധാർ നമ്പറുമെല്ലാം അയച്ചുകൊടുത്തു.
പിന്നീട് സ്കൈപ്പ് വഴി മറ്റൊരു കോൾ വന്നു. സൈബർ ക്രൈം ഡി.സി.പി. ആണെന്ന് പരിചയപ്പെടുത്തിയ ആളാണ് സംസാരിച്ചത്.
അന്വേഷണവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടു. അന്വേഷണത്തിന്റെ പേരിൽ യുവതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വാങ്ങുകയും അക്കൗണ്ട് വഴി കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോയെന്നറിയുന്നതിന് പണം അയച്ചു കൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
പരിശോധിച്ച ശേഷം 50 മിനിറ്റിനകം പണം തിരികെ നൽകുമെന്നാണ് അറിയിച്ചത്.
ഇതനുസരിച്ച് യുവതി 31.3 ലക്ഷം രൂപ അയച്ചുകൊടുത്തു. പിന്നീട് പണം തിരികെ ലഭിക്കാതായപ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം മനസ്സിലായത്.
ഇതേത്തുടർന്ന് സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു.