ബെംഗളൂരു : അനധികൃത ബാനറുകളും ഫ്ലെക്സുകളും സ്ഥാപിക്കുന്നതിനെതിരേ കർശനനടപടികളുമായി ബെംഗളൂരു കോർപ്പറേഷൻ.
ബാനറുകളും ഫ്ലെക്സുകളും സ്ഥാപിക്കുന്നതുസംബന്ധിച്ച പരാതികളറിയിക്കാൻ പ്രത്യേക ഹെൽപ്പ്ലൈൻ കോർപ്പറേഷന്റെ നേതൃത്വത്തിൽ സജ്ജമായി.
9480685700 എന്ന മൊബൈൽനമ്പറിലാണ് പൊതുജനങ്ങൾ പരാതികൾ അറിയിക്കേണ്ടത്. പരാതി ലഭിച്ചാലുടൻ കോർപ്പറേഷന്റെ പ്രത്യേകസംഘം പ്രദേശത്ത് പരിശോധനനടത്തിയശേഷം ഇവ സ്ഥാപിച്ചവർക്കെതിരേ നടപടിയെടുക്കും.
നേരത്തേ നഗരത്തിലെ അനധികൃത ബാനറുകളും ഫ്ലെക്സുകളും നീക്കംചെയ്യണമെന്ന് കർണാടക ഹൈക്കോടതി കോർപ്പറേഷന് നിർദേശംനൽകിയിരുന്നു.
ഇതോടെ ആയിരക്കണക്കിന് ബാനറുകളും ഫ്ലെക്സുകളുമാണ് അധികൃതർ നീക്കംചെയ്തത്. പിന്നീട് നിശ്ചിത ഇടവേളകളിൽ പരിശോധനകളും നടത്തിയിരുന്നു.
എന്നാൽ, തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പരിശോധനകൾ മുടങ്ങി. ഈ സാഹചര്യം മുതലെടുത്ത് നിരവധി അനധികൃത ബാനറുകളും ഫ്ലെക്സുകളുമാണ് നഗരത്തിലുയർന്നിരിക്കുന്നത്.
എസ്.എസ്.എൽ.സി. പരീക്ഷാഫലം വന്നതിനുശേഷം ഇത്തരം ബാനറുകളുടെഎണ്ണം കുത്തനെ കൂടിയതായാണ് അധികൃതരുടെ വിലയിരുത്തൽ.
ട്യൂഷൻ സെന്ററുകളും കോളേജുകളും സ്ഥാപിക്കുന്നവയാണ് ഇതിൽ ഭൂരിഭാഗവും. ഇതിനൊപ്പം പ്രാദേശിക രാഷ്ട്രീയനേതാക്കളുടെ ചിത്രങ്ങളുൾപ്പെടുന്ന ബാനറുകളുമുണ്ട്.
ഏതാനും ദിവസങ്ങൾക്കുള്ളിൽ അനധികൃത ബാനറുകൾ സ്ഥാപിക്കുന്നതിനെതിരേയുള്ള പരിശോധനകൾ പുനരാരംഭിക്കാനാണ് അധികൃതരുടെ തീരുമാനം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.