മൈസൂരു: ചാമരാജനഗർ എംപിയും മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി ശ്രീനിവാസ് പ്രസാദ് വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. ഇന്ന് പുലർച്ചെ 1.27 നാണ് മരണപ്പെട്ടത് .
തൻ്റെ രാഷ്ട്രീയ ജീവിതത്തിൻ്റെ സുവർണ ജൂബിലി ആഘോഷത്തെ തുടർന്ന് മാർച്ച് 17 ന് പ്രസാദ് രാഷ്ട്രീയ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
എന്നിരുന്നാലും, മുഖ്യമന്ത്രി സിദ്ധരാമയ്യയും മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും ഉൾപ്പെടെ കോൺഗ്രസിലെയും ബി ജെ പിയിലെയും നേതാക്കൾ അദ്ദേഹത്തിൻ്റെ പിന്തുണ തേടി അദ്ദേഹത്തെ സന്ദർശിച്ചതിനാൽ മൈസൂരുവിലെലെ ജയലക്ഷ്മിപുരത്തെ അദ്ദേഹത്തിൻ്റെ വസതി രാഷ്ട്രീയ പ്രവർത്തനങ്ങളുടെ തിരക്കിലായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം അദ്ദേഹത്തിൻ്റെ വസതിയിൽ എത്തിയ നേതാക്കളിൽ മൈസൂരു – കുടക്, ചാമരാജനഗർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളായ യദുവീർ കൃഷ്ണദത്ത ചാമരാജ വാഡിയർ, എം ലക്ഷ്മണ, എസ് ബാലരാജ്, സുനിൽ ബോസ്, ബോസിൻ്റെ പിതാവും സാമൂഹ്യക്ഷേമ മന്ത്രിയുമായ എച്ച്സി മഹാദേവപ്പ , ബിജെപി സംസ്ഥാന അധ്യക്ഷൻ ബി വൈ വിജയേന്ദ്ര എന്നിവരും ഉൾപ്പെടുന്നു.
തിങ്കളാഴ്ച രാവിലെ 7.30 ഓടെ അദ്ദേഹത്തിൻ്റെ വസതിയിൽ എത്തിച്ച മൃതദേഹം 9 മണിക്ക് മൈസൂരുവിലെ ദസറ എക്സിബിഷൻ ഗ്രൗണ്ടിൽ പൊതുദർശനത്തിന് വയ്ക്കും. നിരവധി രാഷ്ട്രീയ നേതാക്കളും പ്രമുഖരും അന്ത്യാഞ്ജലി അർപ്പിച്ച ശേഷമാകും സംസ്കാരം നടത്തുകയെന്നാണ് റിപ്പോർട്ടുകൾ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.