ബെംഗളൂരു : കർണാടകത്തിൽ ബി.ജെ.പി.യും ജെ.ഡി.എസും കൈകോർത്തതിന്റെ ഫലം നിർണയിക്കാൻപോകുന്ന മണ്ഡലങ്ങളിലെ ജനവിധി വെള്ളിയാഴ്ച.
ജെ.ഡി.എസിന് സ്വാധീനമുള്ള ഓൾഡ് മൈസൂരു, ബെംഗളൂരു മേഖലകളിലുൾപ്പെടെ 14 മണ്ഡലങ്ങളാണ് സംസ്ഥാനത്തെ ആദ്യഘട്ട വോട്ടെടുപ്പിനൊരുങ്ങുന്നത്.
എൻ.ഡി.എ. സഖ്യത്തിൽ ജെ.ഡി.എസ്. മത്സരിക്കുന്ന മാണ്ഡ്യയും ഹാസനും കോലാറും വെള്ളിയാഴ്ച പോളിങ് ബൂത്തിലെത്തും.
ഈ മണ്ഡലങ്ങളിലെയും ജെ.ഡി.എസിന് ശക്തിയുള്ള മറ്റു മണ്ഡലങ്ങളിലെയും ജനവിധി സഖ്യത്തിന്റെ ഭാവിനിർണയിക്കും.
ജെ.ഡി.എസ്. കോട്ടയായ മാണ്ഡ്യ പിടിക്കാനിറങ്ങിയ പാർട്ടിയിലെ കരുത്തനായ എച്ച്.ഡി. കുമാരസ്വാമിക്ക് കോൺഗ്രസ് വെല്ലുവിളിയുയർത്തുന്നുണ്ട്.
കർഷകരും സാധാരണക്കാരും ഭൂരിഭാഗം വോട്ടർമാരായ മണ്ഡലത്തിൽ സർക്കാരിന്റെ വാഗ്ദാനപദ്ധതികളാണ് കോൺഗ്രസ് തുറുപ്പുശീട്ടായി ഇറക്കിയത്.
കോൺഗ്രസിന്റെ സ്റ്റാർ ചന്ദ്രുവിനെക്കാൾ ശക്തനായ സ്ഥാനാർഥിയാണെന്നതും കർഷകരുടെ പാർട്ടിയെന്ന ജെ.ഡി.എസിന്റെ പേരും വൊക്കലിഗ സമുദായത്തിന്റെ പിന്തുണയും കുമാരസ്വാമിക്ക് തുണയാകും.
പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയും ഉൾപ്പെടെ എൻ.ഡി.എ. സ്ഥാനാർഥികൾക്കുവേണ്ടി പ്രചാരണത്തിനെത്തിയപ്പോൾ കോൺഗ്രസിനുവേണ്ടി പാർട്ടിയധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ ജനമനസ്സു പിടിക്കാനെത്തി.
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ്. ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ, മുൻ മുഖ്യമന്ത്രിമാരായ ബി.എസ്. യെദ്യൂരപ്പ, എച്ച്.ഡി. കുമാരസ്വാമി, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര എന്നിവർ ഉൾപ്പെടെ സംസ്ഥാനത്തെ നേതാക്കൾ നേതൃത്വം നൽകിയ പൊടിപാറിയ പ്രചാരണത്തിനാണ് സമാപനമാകുന്നത്.
സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയായ ബെംഗളൂരുവിലും ഓൾഡ് മൈസൂരു മേഖലയിലും കടലോര മേഖലയിലുമുള്ള മണ്ഡലങ്ങളാണ് വെള്ളിയാഴ്ച പോളിങ് ബൂത്തിലെത്തുന്നത്.
ബി.ജെ.പി.-ജെ.ഡി.എസ്. സഖ്യത്തിനും കോൺഗ്രസിനും ഒരു പോലെ നിർണായകമാണ് 14 മണ്ഡലങ്ങളും. അതുകൊണ്ടുതന്നെ പരമാവധി വോട്ടുകൾ സമാഹരിക്കുന്നതിനുള്ള പ്രചാരണമാണ് എല്ലായിടത്തും നടക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.