ബെംഗളൂരു : ബെംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണത്തിനെത്തുന്നതിൽ വലിയ പ്രതീക്ഷയർപ്പിച്ച് ബി.ജെ.പി. ഇന്ന് വൈകീട്ടാണ് നഗരത്തിൽ മോദിയുടെ തിരഞ്ഞെടുപ്പ് റാലി.
രണ്ടുലക്ഷംപേരെയെങ്കിലും സമ്മേളനത്തിനെത്തിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്.
മോദി വരുന്നതിലൂടെ നഗരത്തിന്റെ മനസ്സ് പാർട്ടിയിലേക്ക് കൂടുതൽ അടുക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.
ബെംഗളൂരു നോർത്ത്, ബെംഗളൂരു സൗത്ത്, ബെംഗളൂരു സെൻട്രൽ, ബെംഗളൂരു റൂറൽ എന്നിവയാണ് നഗരത്തിലും പരിസരത്തും വരുന്ന ലോക്സഭാ മണ്ഡലങ്ങൾ. ഇതിൽ ബെംഗളൂരു റൂറൽമാത്രമാണ് കോൺഗ്രസിനൊപ്പമുള്ളത്.
കോൺഗ്രസിന്റെ ശക്തന്മാരായ സഹോദരങ്ങൾ ഡി.കെ. ശിവകുമാറിന്റെയും ഡി.കെ. സുരേഷിന്റെയും തട്ടകമായ മണ്ഡലം തിരിച്ചുപിടിക്കാൻ ബി.ജെ.പി.
ഇത്തവണ കിണഞ്ഞുശ്രമിക്കുന്നുണ്ട്. ഡി.കെ. സുരേഷാണ് ഇത്തവണയും കോൺഗ്രസ് സ്ഥാനാർഥി. മുൻപ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ മരുമകൻ ഡോ. സി.എൻ. മഞ്ജുനാഥിനെയാണ് പാർട്ടിയുടെ ടിക്കറ്റ് നൽകി ബി.ജെ.പി. ഇറക്കിയിരിക്കുന്നത്.
റൂറൽകൂടി പിടിച്ചെടുത്താൽ നഗരത്തിലെ മണ്ഡലങ്ങൾ ബി.ജെ.പി.ക്കൊപ്പമാകുമെന്നാണ് പ്രതീക്ഷ. പക്ഷേ, കൈവശമുള്ള മറ്റു മണ്ഡലങ്ങളിൽ ബി.ജെ.പി. സ്ഥാനാർഥികൾ കനത്ത മത്സരം നേരിടുന്നുണ്ട്.
കേന്ദ്രമന്ത്രി ശോഭാ കരന്തലജെ, യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി പി.സി. മോഹനൻ എന്നീ പ്രമുഖർ കളത്തിലുണ്ട്.
തേജസ്വി സൂര്യയെ നേരിടുന്നത് മുൻകോൺഗ്രസ് എം.എൽ.എ. സൗമ്യ റെഡ്ഡിയാണ്.
ശോഭാ കരന്തലജെക്കെതിരേ പ്രൊഫ. എം.വി. രാജീവ് ഗൗഡയും പി.സി. മോഹനെതിരേ മൻസൂർ അലി ഖാനും കനത്ത പോരാട്ടമാണ് കാഴ്ചവെക്കുന്നത്.
കഴിഞ്ഞ മേയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരുവിനെ ബി.ജെ.പി.യിലേക്ക് അടുപ്പിക്കാൻ മോദി നടത്തിയ ശ്രമങ്ങൾ പക്ഷേ, അത്ര ഫലംചെയ്തില്ല.
രണ്ടുതവണയായി നഗരത്തിൽ 34 കിലോമീറ്റർ റോഡ് ഷോ നടത്തിയിട്ടും അന്ന് വലിയ മോദിപ്രഭാവമുണ്ടായില്ല.
നഗരത്തിൽ ആകെ ബി.ജെ.പി.ക്കൊപ്പമുണ്ടായിരുന്ന 15 മണ്ഡലങ്ങൾ 16 ആക്കിമാറ്റാനേ കഴിഞ്ഞുള്ളൂ. ജെ.ഡി.എസിൽനിന്നാണ് ഒരു സീറ്റ് പിടിച്ചെടുത്തത്.
അതേസമയം, 12 സീറ്റുകളുണ്ടായിരുന്ന കോൺഗ്രസ് അത് നിലനിർത്തി. ഒരു സീറ്റിൽ തോറ്റപ്പോൾ ബി.ജെ.പി.യിൽനിന്ന് ഒരു സീറ്റ് പിടിച്ചെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.