ബെംഗളൂരു : ഗതാഗത നിയമലംഘനത്തിന്റെ പേരിൽ വ്യാജ ചലാൻ വാട്സാപ്പിലൂടെ അയച്ച് പണം തട്ടുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതായി ബെംഗളൂരു പോലീസ്.
വാട്സാപ്പിലൂടെ ട്രാഫിക് പോലീസ് ചലാനോ ലിങ്കുകളോ അയയ്ക്കുന്നില്ലെന്നും ഇത്തരം തട്ടിപ്പുകളിൽ അകപ്പെടരുതെന്നും ട്രാഫിക് പോലീസ് മുന്നറിയിപ്പുനൽകിയിട്ടുണ്ട്.
കഴിഞ്ഞ ഒരുമാസത്തോളമായി നഗരത്തിലെ നിരവധി പേർക്കാണ് തട്ടിപ്പുസന്ദേശങ്ങൾ ലഭിച്ചത്.
ഗതാഗതനിയമലംഘനത്തിന് പിഴയുണ്ടെന്നും ഒപ്പമുള്ള ലിങ്കിൽ ക്ലിക്കുചെയ്യുമ്പോൾ ലഭിക്കുന്ന ആപ്പിലൂടെ പിഴയടയ്ക്കാമെന്നുമാണ് വാട്സാപ്പ് സന്ദേശത്തിലെ ഉള്ളടക്കം.
വാഹന നമ്പറും ഉടമയുടെ പേരും ഉൾപ്പെടെയാണ് സന്ദേശം ലഭിക്കുന്നത്.
ഇതോടെ ഉടമകൾ ലിങ്കിലൂടെ ലഭിക്കുന്ന ആപ്പ് ഡൗൺലോഡ് ചെയ്ത് തുക അടയ്ക്കും.
ഇത്തരം ആപ്പ് ഡൗൺലോഡ് ചെയ്യുന്നതോടെ ഫോണിലെ മറ്റു വിവരങ്ങൾ ചോരാനുള്ള സാധ്യതയുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, വാഹനനമ്പറും ഉടമയുടെ പേരും ഫോൺ നമ്പറും എങ്ങനെയാണ് തട്ടിപ്പുകാർക്ക് ലഭിക്കുന്നതെന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ട്രാഫിക് പോലീസും സൈബർ ക്രൈം പോലീസും അന്വേഷിച്ചുവരുകയാണ്.
ഏതെങ്കിലും സൈറ്റുകളിൽ മറ്റെന്തെങ്കിലും ആവശ്യത്തിനായി നൽകുന്ന വിവരങ്ങൾ തട്ടിപ്പുകാർ ചോർത്തുന്നതായാണ് പ്രാഥമിക നിഗമനം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.