സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ; നഗരത്തിന് വാഗ്ദാനങ്ങളേറെ ; അറിയാൻ വായിക്കാം

ബെംഗളൂരു : മെട്രോ തുമകൂരുവിലേക്ക് ദീർഘിപ്പിക്കുമെന്നതും ഹെബ്ബാളിൽ തുരങ്കപാത നിർമിക്കുമെന്നുമുൾപ്പെടെയുള്ള ബജറ്റിലെ വാഗ്ദാനങ്ങളിൽ പ്രതീക്ഷയോടെ നഗരം.

ബെംഗളൂരുവിന്റെ മുഖച്ഛായതന്നെ മാറ്റാൻ കഴിവുള്ള പദ്ധതികൾ ഏറെക്കാലമായി നഗരവാസികളുന്നയിച്ചുവരുന്ന പ്രധാന ആവശ്യങ്ങളാണ്.

തുമകൂരുവിലേക്കുള്ള മെട്രോപ്പാതയ്ക്ക് പുറമേ ദേവനഹള്ളിയിലേക്കും മെട്രോപാതവരുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ടുപാതകളും പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് നിർമിക്കുകയെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബജറ്റ് പ്രസംഗത്തിനിടെ വ്യക്തമാക്കി.

നിലവിൽ നാഗസാന്ദ്ര മുതൽ ബെംഗളൂരു ഇന്റർനാഷണൽ എക്സിബിഷൻ സെന്റർ (ബി.ഐ.ഇ.സി.) വരെയുള്ള പാതയുടെ നിർമാണം പുരോഗമിക്കുകയാണ്.

ബി.ഐ.ഇ.സി.യിൽനിന്നാണ് തുമകൂരുവിലേക്ക് പാത ദീർഘിപ്പിക്കുക. ഇതോടെ ഐ.ടി.കമ്പനികൾ ഉൾപ്പെടെ ഒട്ടേറെസ്ഥാപനങ്ങൾ തുമകൂരുവിലും പരിസരപ്രദേശങ്ങളിലും പ്രവർത്തനം തുടങ്ങുമെന്നും ഒട്ടേറെ തൊഴിലവസരങ്ങൾ ഇവിടെ സൃഷ്ടിക്കപ്പെടുമെന്നുമാണ് വിലയിരുത്തൽ.

ബെംഗളൂരു വിമാനത്താവളത്തിൽ നിന്നായിരിക്കും ദേവനഹള്ളിയിലേക്ക് പാത ദീർഘിപ്പിക്കുക.

വിമാനത്താവളത്തിലേക്കുള്ള മെട്രോപാതയുടെ നിർമാണം 2026 ജൂണിൽ പൂർത്തിയാകുമെന്നാണ് മെട്രോ അധികൃതരുടെ പ്രഖ്യാപനം. ഇതിനുശേഷമായിരിക്കും ദേവനഹള്ളി മെട്രോ പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ തുടങ്ങുക.

ഹെബ്ബാളിലെ തുരങ്കപാതയാണ് നഗരത്തെ സംബന്ധിച്ച് ബജറ്റിലെ മറ്റൊരു പ്രധാനപ്രഖ്യാപനം. നിലവിലുള്ള റോഡുകളുടെ വീതി വർധിപ്പിക്കാനോ പുതിയറോഡുകൾ നിർമിക്കാനോ കഴിയാത്തസാഹചര്യത്തിലാണ് തുരങ്കപാതയെന്ന ആശയവുമായി സർക്കാർ മുന്നോട്ടുപോകുന്നതെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിനിടെ ചൂണ്ടിക്കാട്ടി.

പരീക്ഷണാടിസ്ഥാനത്തിലാണ് ഈ തുരങ്കപാത നിർമിക്കുന്നത്. വിജയകരമായാൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന മറ്റ് ജങ്ഷനുകളിലും സമാനമായ രീതിയിൽ തുരങ്കപാത നിർമിക്കും. നിലവിൽ നഗരത്തിൽ ഏറ്റവും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന പ്രദേശങ്ങളിലൊന്നാണ് ഹെബ്ബാൾ.

എക്‌സൈസിൽനിന്ന് ലക്ഷ്യമിടുന്നത് 38,525 കോടി

എക്സൈസിൽനിന്ന് 2023-24 വർഷം ജനുവരി വരെ 28,281 കോടി രൂപ നികുതിവരുമാനം ലഭിച്ചെന്നും 2024-25 വർഷം 38,525 കോടി രൂപയാണ് ലക്ഷ്യമിടുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.

പട്ടിക ജാതി-വർഗ വിഭാഗങ്ങൾക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും ഗണ്യമായ തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

കുട്ടികളിൽ സാമൂഹിക ഐക്യം, സഹവർത്തിത്വം, ശാസ്ത്രീയ സ്വഭാവം എന്നിവ വളർത്താൻ ലക്ഷ്യമിട്ട് എല്ലാ സ്കൂളുകളിലും കോളേജുകളിലും ‘നാവു മനുജരു’ (നമ്മൾ മനുഷ്യർ) എന്ന പേരിൽ ക്ലാസ് നടത്തും. എല്ലാ ആഴ്ചയും രണ്ടു മണിക്കൂറാകും ക്ലാസുണ്ടാവുക. 3,71,383 കോടി രൂപയാണ് ബജറ്റിൽ പ്രതീക്ഷിക്കുന്ന ചെലവ്. സിദ്ധരാമയ്യയുടെ 15-ാം ബജറ്റവതരണമാണ് നടന്നത്.

മറ്റു പ്രധാന പ്രഖ്യാപനങ്ങൾ

ദേവനഹള്ളി, നെലമംഗല, ഹോസ്‌കോട്ടെ, ദൊഡ്ഡബെല്ലാപുര, മഗഡി, ബിഡദി എന്നിവിടങ്ങളിൽ സാറ്റലൈറ്റ് ടൗൺഷിപ്പുകൾ സ്ഥാപിക്കും.

നഗരത്തിലെ പ്രധാന റോഡുകളുടെ വൈറ്റ് ടോപ്പിങ് പ്രവൃത്തി അടുത്തവർഷം ഡിസംബറോടെ പൂർത്തിയാക്കും. 1,700 കോടിയാണ് പദ്ധതിച്ചെലവ്.

നിർദിഷ്ട മെട്രോ ഫേസ് ത്രീ പദ്ധതിയുടെ വിശദപദ്ധതി രേഖ ഉടൻ തയ്യാറാക്കും. സർജാപുര, അഗര, കോറമംഗല, ഡയറി സർക്കിൾ തുടങ്ങിയ പ്രദേശങ്ങളാണ് ഈ പാതയിൽ ഉൾപ്പെടുന്നത് .

ബി.എം.ടി.സി. 1,334 പുതിയ വൈദ്യുതബസുകൾ വാങ്ങും. 820 ഡീസൽ ബസുകൾ വാങ്ങാനുള്ള തുക അനുവദിച്ചിട്ടുണ്ട്. ബെംഗളൂരുവിനേയും മംഗളൂരുവിനേയും ബന്ധിപ്പിച്ച് ഇക്കണോമിക് കോറിഡോർ.

കേന്ദ്രവുമായി സഹകരിച്ച് ബെംഗളൂരുവിൽ സയൻസ് സിറ്റി സ്ഥാപിക്കും. പ്രതീക്ഷിക്കുന്ന ചെലവ് 233 കോടി.

ബെംഗളൂരുവിൽ 2000 ഏക്കറിൽ നോളജ്, ഹെൽത്ത് കെയർ, ഇന്നോവേഷൻ ആൻഡ് റിസർച്ച് സിറ്റി ( കെ.എച്ച്. ഐ.ആർ.) സ്ഥാപിക്കും.

ബെംഗളൂരു വിമാനത്താവളത്തിന് സമീപം 817 കോടി ചെലവിൽ ബിസിനസ് പാർക്ക്

നഗരത്തിലെ കുടിവെള്ളമെത്താത്ത പ്രദേശങ്ങളിൽ കുടിവെള്ളമെത്തിക്കാൻ കാവേരി അഞ്ചാംഘട്ടം പദ്ധതി നടപ്പിലാക്കും. പ്രതീക്ഷിക്കുന്ന ചെലവ് 5,550 കോടി.

‘ബ്രാൻഡ് ബെംഗളൂരു’ പദ്ധതിക്ക് ഊന്നൽ നൽകും .

ബെംഗളൂരു കെ.സി. ജനറൽ ആശുപത്രിയിൽ കെട്ടിടം നിർമിക്കാനും മറ്റ് അടിസ്ഥാനസൗകര്യങ്ങൾക്കും 150 കോടി

കോർപ്പറേഷനുമായും ബെസ്‌കോമുമായി സഹകരിച്ച് നഗരത്തിൽ സോളാർ പാർക്ക് സ്ഥാപിക്കും

പ്രധാന പദ്ധതികൾ

കുട്ടികൾക്ക് ഗണിതശാസ്ത്രത്തിൽ കൂടുതൽ താത്പര്യമുണ്ടാകാൻ ജെ.പി.എ.എൽ. ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് മൂന്നുമുതൽ അഞ്ചുവരെ ക്ലാസിൽപഠിക്കുന്ന കുട്ടികൾക്കായി ഗണിത – ഗണക പരിപാടി ആരംഭിക്കും.

ആറ്, ഏഴ് ക്ലാസുകളിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് പഠനത്തിനുള്ള കഴിവ് മെച്ചപ്പെടുത്താൻ മരുസിഞ്ചന പരിപാടി ആരംഭിക്കും. ഇതിനായി പത്തു കോടി രൂപ അനുവദിച്ചു

സർക്കാർ ഹൈസ്കൂളുകളിൽ സയൻസ്, കംപ്യൂട്ടർ ലാബുകൾ സ്ഥാപിക്കാനും ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കാനും 50 കോടി രൂപ അനുവദിച്ചു

2000 സർക്കാർ പ്രൈമറി സ്കൂളുകൾ ബൈ ലിംഗ്വൽ സ്കൂളുകളായി (കന്നഡ, ഇംഗ്ലീഷ്) ഉയർത്തും

കല്യാണ കർണാടക ഡിവലപ്പ്‌മെന്റ് ബോർഡുമായി സഹകരിച്ച് സർക്കാർ ഹൈസ്കൂളുകളും പ്രീ യൂണിവേഴ്‌സിറ്റി കോളേജുകളും ആരംഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us