ബെംഗളൂരു∙ നഗര സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച 2500 സിസിടിവി ക്യാമറകൾ ഇനിയും പ്രവർത്തനം ആരംഭിക്കാത്തത് തിരിച്ചടിയാകുന്നു.
കഴിഞ്ഞ വർഷം നവംബറിൽ നഗരത്തിലെ 3000 ഇടങ്ങളിലായി പൊലീസ് സ്ഥാപിച്ച 7500 സിസിടിവി ക്യാമറകളിൽ ഉൾപ്പെടുന്നതാണിത്.
ഇതിൽ 5000 ക്യാമറകൾ മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. സാങ്കേതിക പ്രശ്നങ്ങളാണ് ശേഷിക്കുന്നവ പ്രവർത്തനം ആരംഭിക്കുന്നതിൽ കാലതാമസം ഉണ്ടായതിനു കാരണമെന്നും ഈ മാസം അവസാനത്തോടെ പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായും പൊലീസ് അറിയിച്ചു.
വൈറ്റ്ഫീൽഡ്, മാറത്തഹള്ളി, ഔട്ടർ റിങ് റോഡ് എന്നിവിടങ്ങളിലെ ഭൂരിഭാഗം ക്യാമറകളും പ്രവർത്തിക്കുന്നില്ല.
തലഘട്ടപുരയിൽ സ്ഥാപിച്ചിട്ടുള്ള 40 ക്യാമറകളും പ്രവർത്തന രഹിതമാണെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു.
നേരത്തേ റസിഡൻസ് അസോസിയേഷനുകൾ പ്രദേശവാസികളിൽ നിന്നു പണം സമാഹരിച്ചു 101 സിസിടിവി ക്യാമറകൾ ഇവിടെ സ്ഥാപിച്ചിരുന്നു.
എന്നാൽ നൈസ് റോഡിലെ പ്രവേശന കവാടങ്ങൾ ഉൾപ്പെടുന്ന ഇവിടെ സുരക്ഷ ഉറപ്പാക്കാൻ 300 സിസിടിവി ക്യാമറകൾ കൂടി അടിയന്തരമായി സ്ഥാപിക്കണമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ നിർമിത ബുദ്ധിയുടെ സഹായത്തോടെ വിശകലനം ചെയ്ത് അടിയന്തര സാഹചര്യങ്ങളിൽ നഗരവാസികൾക്കു പൊലീസിന്റെ സഹായം ഉറപ്പാക്കുന്നതിനുള്ള കമാൻഡ് ആൻഡ് കൺട്രോൾ സെന്ററിന്റെ പ്രവർത്തനങ്ങളെയും ക്യാമറകൾ പ്രവർത്തിക്കാത്തത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.