ബെംഗളൂരു : വിദ്യാർഥിനികളോട് ലൈംഗികാതിക്രമം നടത്തിയ സ്കൂൾ പ്രഥമാധ്യാപനെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു.
നഞ്ചൻകോട് താലൂക്കിലെ സർക്കാർ സ്കൂൾ പ്രഥമാധ്യാപകനെതിരേയാണ് നടപടി. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറുടെ പരാതിയിൽ ഇയാൾക്കെതിരേ നഞ്ചൻകോട് കാവലണ്ഡെ പോലീസ് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
സ്കൂളിലെ പെൺകുട്ടികളെ ഇയാൾ അനാവശ്യമായി സ്പർശിക്കുന്നുവെന്നും അശ്ലീലച്ചുവയോടെ സംസാരിക്കുന്നുവെന്നും നേരത്തേ വിദ്യാർഥിനികൾ രക്ഷിതാക്കളോട് പരാതിപ്പെട്ടിരുന്നു.
ഇതോടെ രക്ഷിതാക്കളും നാട്ടുകാരും വിവരം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു.
കഴിഞ്ഞദിവസം ബ്ലോക്ക് തല വിദ്യാഭ്യാസ ഒാഫീസർ എ.ടി. ശിവലിംഗയ്യയുടെ നേതൃത്വത്തിലുള്ള സംഘം സ്കൂളിൽ നേരിട്ടെത്തി വിദ്യാർഥികളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു.
ഇതോടെയാണ് പ്രഥമാധ്യാപകനെതിരേയുള്ള ആരോപണം ശരിയാണെന്ന് അധികൃതർ കണ്ടെത്തിയത്.
രണ്ടുമാസത്തിനിടെ സംസ്ഥാനത്ത് വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് നടപടി നേരിടുന്ന രണ്ടാമത്തെ അധ്യാപകനാണിയാൾ.
ഡിസംബറിൽ ശിവമോഗയിലെ സർക്കാർ റെസിഡൻസ് സ്കൂൾ അധ്യാപകനേയും സസ്പെൻഡ് ചെയ്തിരുന്നു.
സ്‌കൂളിലെ മറ്റ് അധ്യാപകരോട് വിദ്യാർഥികൾ പരാതിപ്പെട്ടിരുന്നെങ്കിലും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നും സംഭവം മൂടിവെച്ചെന്നും ആരോപണമുണ്ട്.
വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ പരിശോധന നടത്തിയശേഷം നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.