മുംബൈ: ഇന്ന് ചെറിയ ഒരു ജലദോഷമോ കഫക്കെട്ടോ വന്നാൽ നമ്മൾ സാധാരണയായി ചെയ്യാറുള്ള ഒന്നാണ് കഫ് സിറപ്പുകൾ വാങ്ങി നൽകുക എന്നത്. എന്നാൽ അത് ഒരിക്കലും പാടില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
നാലുവയസ്സിനു താഴെയുള്ള കുട്ടികളിൽ ജലദോഷ മരുന്നുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് നിർദേശവുമായി സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ.
ഈ പ്രായത്തിലുള്ള കുട്ടികളിൽ ഉപയോഗിക്കുന്ന ജലദോഷ മരുന്നുകളുടെ സംയുക്തങ്ങൾക്കാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
കഫ് സിറപ്പുകൾ കഴിച്ചതുമൂലം ആഗോളതലത്തിൽ തന്നെ 141 കുട്ടികൾ മരണപ്പെട്ട സാഹചര്യത്തിലാണിത്. കുട്ടികൾക്കിടയിൽ അംഗീകൃതമല്ലാത്ത മരുന്ന് സംയുക്തങ്ങൾ ഉപയോഗിക്കുന്നതിന്മേലുള്ള ആശങ്ക പ്രകടിപ്പിക്കുകയും നാലുവയസ്സിനു താഴെയുള്ള പ്രായക്കാരിൽ അവ ഉപയോഗിക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഫിക്സഡ് ഡ്രഗ് കോമ്പിനേഷൻ(എഫ്.ഡി.സി.) എന്നു വിളിക്കുന്ന സംയുക്തങ്ങൾ നാലുവയസ്സിനു താഴെയുള്ള കുട്ടികൾക്കുള്ള സിറപ്പുകളിൽ ഉപയോഗിച്ചിട്ടില്ലെന്ന് ഉത്പന്നങ്ങളിൽ ലേബൽ ചെയ്യണമെന്നും നിർദേശമുണ്ട്.
ക്ലോർഫെനിരാമൈൻ(chlorpheniramine), മാലിയേറ്റ്(maleate), ഫിനൈലിഫ്രിൻ(phenylephrine) എന്നിവയാണ് ജലദോഷത്തിനുള്ള സിറപ്പുകളിലും ഗുളികകളിലും ഉപയോഗിക്കുന്ന ഫിക്സഡ് ഡ്രഗ് കോമ്പിനേഷൻ. ഇവയ്ക്ക് നാലുവയസ്സിനു കീഴെയുള്ള കുട്ടികളിൽ ഉപയോഗിക്കാൻ അംഗീകാരമില്ലെന്നാണ് അധികൃതർ പറയുന്നത്.
അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളിലെ ജലദോഷത്തിനും ചുമയ്ക്കും സ്വയംചികിത്സ നടത്തി കഫ് സിറപ്പുകൾ വാങ്ങിക്കൊടുക്കരുതെന്ന് ലോകാരോഗ്യസംഘടനയുടെ കൃത്യമായ നിർദേശമുണ്ട്.
2019 മുതൽ രാജ്യത്ത് നിർമിക്കുന്ന സിറപ്പുകളിൽ വിഷമമയമാർന്ന ഘടകങ്ങളടങ്ങിയതു കണ്ടെത്തിയതും ഉസ്ബെക്കിസ്താൻ, ഗാംബിയ, കാമറൂൺ തുടങ്ങിയ രാജ്യങ്ങളിൽ ഇതുസംബന്ധിച്ച് 141 മരണങ്ങളുണ്ടാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് പുതിയ നടപടി.
ഇന്ത്യയിൽ മാത്രം ഇത്തരം കഫ് സിറപ്പുകളുടെ ഉപയോഗം മൂലം 12 കുട്ടികൾ മരണപ്പെടുകയും നാലുപേർ മറ്റു രോഗങ്ങളുമായി ജീവിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
നേരത്തേയും വിവിധ ഇന്ത്യൻ നിർമിത മരുന്നുകൾക്കെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. തുടർന്ന് ഡി.സി.ജി.ഐ നടത്തിയ വ്യാപകമായ പരിശോധനയിൽ പതിനെട്ട് കമ്പനികളുടെ ലൈസൻസ് റദ്ദാക്കുകയും 26 കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു. ഗാംബിയയിലും ഉസ്‌ബെക്കിസ്താനിലും നിരവധി കുട്ടികളുടെ മരണത്തിന് കാരണമായ ചുമയ്ക്കുള്ള സിറപ്പുകളും ഇന്ത്യയിൽ നിർമിച്ചതായിരുന്നു.
നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെക് നിർമിച്ച ചുമമരുന്ന് കുടിച്ച് ഉസ്ബെക്കിസ്താനിൽ 18 കുട്ടികൾ മരിച്ചതിനു പിന്നാലെ പ്രസ്തുത കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയിരുന്നു.
ഹരിയാണയിലെ മെയ്ഡൻ ഫാർമ കയറ്റുമതി ചെയ്ത മരുന്നു കഴിച്ച് ഗാംബിയയിൽ 66 കുട്ടികളാണ് വൃക്കത്തകരാറിനെത്തുടർന്ന് മരിച്ചത്. മാർഷൽ ഐലൻഡ്സിലും മൈക്രോനേഷ്യയിലും വിതരണം ചെയ്ത കഫ് സിറപ്പുകളും ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയിരുന്നു.പ്രസ്തുത മരുന്നിൽ അനിയന്ത്രിതമായ അളവിൽ ഈതലീൻ ഗ്ലൈക്കോളിന്റെയും ഡയാതൈലീൻ ഗ്ലൈക്കോളിന്റെയും സാന്നിധ്യം കണ്ടെത്തുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.