ഇന്ത്യ ഇന്ന് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ അയല്‍ രാജ്യമായ ബംഗ്ലാദേശിന് ഓഗസ്റ്റ് 15 ഇരുണ്ട ദിനമാണ്. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്‍ കൊല്ലപ്പെട്ടത് 1975 ഓഗസ്റ്റ് 15 നായിരുന്നു.
1975 ന് ശേഷമുള്ള ഓരോ ഓഗസ്റ്റ് 15ഉം ബംഗ്ലാദേശികള്‍ക്ക് ഇരുണ്ട ദിനമാണ്. രാജ്യത്തിന് ഏറെ പ്രിയപ്പെട്ട ബംഗബന്ധു ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്‍ ആ ദിവസമാണ് പട്ടാള അട്ടിമറിയില്‍ വധിക്കപ്പെട്ടത്.
ധാക്കയിലെ ധന്‍മോണ്ടിക്ക് സമീപമുള്ള റോഡ് – 32 ലെ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്റെ സ്വകാര്യ വസതിയിലായിരുന്നു ദാരുണ സംഭവം. അദ്ദേഹത്തിന്റെ പത്‌നിമാരും ആണ്‍ മക്കളും ഭാര്യാ സഹോദരനും മരുമക്കളും ഉള്‍പ്പെടെ 18 പേര്‍ കൊല്ലപ്പെട്ടു.
പെണ്‍മക്കളായ ഹസീനയും രഹനയും രക്ഷപ്പെട്ടത് അവര്‍ ആ സമയത്ത് പശ്ചിമ ജര്‍മനിയിലായതിനാല്‍ മാത്രം. 1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിന് നേതൃത്വം നല്‍കിയതും ഷെയ്ഖ് മുജീബുര്‍ റഹ്‌മാനായിരുന്നു.
1971 ഡിസംബര്‍ 16 ന് ബംഗ്ലാദേശ് പാകിസ്താനില്‍ നിന്നും സ്വാതന്ത്ര്യം നേടി. അവാമി ലീഗിന്റെ നേതൃത്വത്തില്‍ ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്‍ ബംഗ്ലാദേശില്‍ ആദ്യ സര്‍ക്കാര്‍ രൂപീകരിച്ചു.
1975 ല്‍ മുജീബുര്‍ റഹ്‌മാനെ കൊലപ്പെടുത്തിയ സൈനിക അട്ടിമറിക്ക് ശേഷം ബംഗ്ലാദേശിലെ അധികാരം സൈന്യം ഏറ്റെടുത്തു. 1996 ല്‍ സൈനിക ഭരണത്തിന്റെ പതനത്തോടെ രാജ്യം ബംഗബന്ധുവിന്റെ ചരമവാര്‍ഷികം പൊതു അവധിയാക്കി.
ഷെയ്ഖ്മുജീബുര്‍ റഹ്‌മാനെ കൊലപ്പെടുത്തിയ സംഭവത്തിലെ 5 പ്രതികള്‍ക്ക് 1998 ല്‍ വിചാരണ കോടതി വധശിക്ഷ വിധിച്ചു. 2009 ല്‍ ഈ 5 പ്രതികളെയും തൂക്കിക്കൊന്നു.
കേസിലെ മുഖ്യപ്രതിയും മുതിര്‍ന്ന സൈനികോദ്യോഗസ്ഥനുമായ അബ്ദുല്‍ മജീദിനെയാണ് ഏറ്റവും ഒടുവില്‍ തൂക്കിലേറ്റിയത്. മജീദിന്റെ ദയാഹര്‍ജി പ്രസിഡന്റ് തള്ളിയതിനെ തുടര്‍ന്നായിരുന്നു വധശിക്ഷ.
ഇപ്പോഴത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവാണ് ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്‍. കൊലയാളികള്‍ മുജീബുര്‍ റഹ്‌മാനെ കൊലപ്പെടുത്തി.
എന്നാല്‍ അദ്ദേഹത്തിന്റെ തത്വങ്ങളും ആദര്‍ശങ്ങളും ജനമനസ്സില്‍ നിന്ന് മായ്ക്കാനായില്ല. സമത്വം, സൌഹൃദം, ജനാധിപത്യം എന്നിവയ്ക്കൊപ്പം ലോക സമാധാനത്തിനായി ബംഗ ബന്ധു അക്ഷീണം പ്രയത്‌നിച്ചു.
ലോകത്തെ അടിച്ചമര്‍ത്തപ്പെട്ടവരുടെയും ചൂഷണം ചെയ്യപ്പെടുന്നവരുടെയും സ്വാതന്ത്യത്തിന്റെ അംബാസിഡറായിരുന്നു ഷെയ്ഖ് മുജീബുര്‍ റഹ്‌മാന്‍. ഗാന്ധി സമാധാന പുരസ്‌കാരം ഉള്‍പ്പെടെ എണ്ണമറ്റ പുരസ്‌കാരങ്ങള്‍ ബംഗബന്ധുവിനെ തേടിയെത്തി.
48 ആം ചരമവാര്‍ഷിക ദിനത്തില്‍ പ്രിയ ബംഗബന്ധുവിനെ അതീവ ദു:ഖത്തോടെ അനുസ്മരിക്കുകയാണ് ബംഗ്ലാദേശ് ജനത
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.