എംഡിഎംഎയുമായി യുവനടൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

പാലക്കാട്: മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി യുവനടൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. പട്ടാമ്പി സ്വദേശി ഷൗക്കത്തലി, പുലാമന്തോൾ സ്വദേശി പ്രണവ് എന്നിവരാണ് അറസ്റ്റിലായത്. 

ഷൗക്കത്തലി നിരവധി ആൽബങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ട്രെയിനിൽ എംഡിഎംഎ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പാലക്കാട് ഒലവക്കോടിൽ വെച്ച് പോലീസ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 54 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി ആർപിഎഫ് ക്രൈം ഇന്റലിജൻസ് അറിയിച്ചു.

വിശ്രമ വേളകൾ ആനന്ദകരമാക്കാൻ ആദ്യം കഞ്ചാവ് ഉപയോഗിച്ച് തുടങ്ങിയ ഷൗക്കത്തലി പിന്നീട് എംഡിഎംഎയിലേക്ക് ചുവട് മാറ്റുകയായിരുന്നു. ഉറങ്ങാതിരിക്കാൻ വേണ്ടിയാണ് ഷൗക്കത്തലി കഞ്ചാവിന് പകരം എംഡിഎംഎ ഉപയോഗിച്ചിരുന്നത്. ഓട്ടോ മൊബൈൽ എൻജിനീയറിങ് വിദ്യാർത്ഥിയായിരുന്നു പ്രണവ്.

ലഹരി വാങ്ങാൻ പണം ഇല്ലാതെ വന്നതോടെ ഇരുവരും ലഹരി കടത്തിന് ഇറങ്ങുകയായിരുന്നു. പട്ടാമ്പിയിലെ ലഹരി ഇടപാട് സംഘമാണ് ഇവരെ കാരിയർമാരാക്കിയത്. ഒരു യാത്രയ്ക്ക് 15,000 രൂപ ഇവർക്ക് പ്രതിഫലമായി നൽകിയത്. യാത്രാ ചെലവ് വേറെയും നൽകിയിരുന്നു. ബെംഗളൂരു സ്റ്റേഷനിൽ മൊത്തക്കച്ചവടക്കാർ ലഹരി മരുന്ന് എത്തിക്കുന്ന പട്ടാമ്പിയിലെ കടത്ത് സംഘമാണ് ശേഖരിക്കുന്നത്. തുടർന്ന് എംഡിഎംഎ വിൽപനക്കാരുമായി ഇടപാടുറപ്പിക്കുന്ന രീതി.

പട്ടാമ്പിയിലേക്ക് ബസ് കയറാൻ നിൽക്കുമ്പോഴാണ് ഷൗക്കത്തലിയെയും പ്രണവിനെയും ആർപിഎഫ് ക്രൈം ഇന്റലിജൻസ് വിഭാഗവും എക്സൈസും ചേർന്ന് പിടികൂടിയത്. ബെംഗളൂരു – എറണാകുളം ഇന്റർസിറ്റി ട്രെയിനിൽ ആണ് പ്രതികൾ ലഹരി കടത്താൻ ശ്രമിച്ചത്. ലഹരി സംഘങ്ങൾക്കായുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us