ബെംഗളൂരു: മുൻ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥൻ റോഡപകടത്തിൽ കൊല്ലപ്പെട്ട് രണ്ട് ദിവസത്തിന് ശേഷം അതൊരു അപകടമരണമല്ല കൊലപാതകമാണെന്ന് തെളിഞ്ഞു. നവംബർ നാലിന് അമിതവേഗതയിലെത്തിയ കാർ ഇടിച്ച് ഐബിയിലെ റിട്ടയേർഡ് അസിസ്റ്റന്റ് ഡയറക്ടർ ആർഎൻ കുൽക്കർണിയുടെ മരണം ആസൂത്രിത കൊലപാതകമാണെന്നാണ് പൊലീസ് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.
മൈസൂർ സിറ്റി കോർപ്പറേഷൻ ചട്ടങ്ങൾ ലംഘിച്ച് കെട്ടിടം പണിയുന്നത് ചോദ്യം ചെയ്തതിനെ തുടർന്നാണ് കുൽക്കർണിയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. മൈസൂർ സർവകലാശാല മാനസഗംഗോത്രി കാമ്പസിലെ ബയോടെക്നോളജി ഡിപ്പാർട്ട്മെന്റിന് സമീപം നടന്നുപോവുകയായിരുന്ന കുൽക്കർണിയെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നവംബർ 4 ന് വൈകുന്നേരം 5.30 ഓടെ അപകടസ്ഥലത്ത് തന്നെ കുൽക്കർണി മരിച്ചു.
ആദ്യം, വിവി പുരം ട്രാഫിക് പോലീസ് ഹിറ്റ് ആൻഡ് റൺ കേസ് ആണ് ഫയൽ ചെയ്തത്. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച സിസിടിവി ദൃശ്യങ്ങൾ കൊലപാതകമാണെന്ന് സ്ഥാപിക്കാൻ പോലീസിനെ സഹായിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത് പോലെ, കാർ മനഃപൂർവം വളഞ്ഞ് കുൽക്കർണിയെ പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. ദൃശ്യങ്ങൾ വൈറലായതോടെ കുൽക്കർണിയുടെ മരുമകൻ സഞ്ജയ അങ്ങാടി നൽകിയ പരാതിയിൽ വിവി പുരം ട്രാഫിക് പൊലീസ് കേസ് ജയലക്ഷ്മിപുരം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.
തങ്ങളുടെ അയൽവാസിയായ മടപ്പ ഒരു കെട്ടിടം പണിയുന്നുണ്ടെന്നറിഞ്ഞ കുൽക്കർണി, നിയമപ്രകാരം സ്ഥലം വിട്ടുനൽകാൻ അഭ്യർത്ഥിച്ചിരുന്നു. പക്ഷേ മാടപ്പ അദ്ദേഹത്തിന്റെ അപേക്ഷ പരിഗണിക്കാതെ നിയമങ്ങൾ ലംഘിച്ച് നിർമ്മാണം ആരംഭിച്ചു. തുടർന്ന് കുൽക്കർണി കോർപ്പറേഷനിൽ പരാതി നൽകുകയും ഹൈക്കോടതിയിൽ നിന്ന് നിർമ്മാണം സ്റ്റേ ചെയ്യുകയും ചെയ്തതായും പരാതിയിൽ പറയുന്നു.
ഐപിസി സെക്ഷൻ 302, 34 എന്നിവ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കേസിൽ മടപ്പയെയും മക്കളെയും സംശയിക്കുന്നതായി സഞ്ജയ പരാമർശിച്ചതിനാൽ മൂന്ന് പേരെയും പോലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തതായി വൃത്തങ്ങൾ വെളിപ്പെടുത്തി. സിറ്റി പോലീസ് കമ്മീഷണർ ഡോ ചന്ദ്രഗുപ്ത പറഞ്ഞു, അതൊരു കൊലപാതക കേസാണെന്നും. കൊലയ്ക്ക് പിന്നിലെ കൃത്യമായ കാരണം സ്ഥാപിക്കാൻ ഞങ്ങൾ ഇത് വിവിധ കോണുകളിൽ നിന്ന് അന്വേഷിക്കുകയാണ് എന്നും പോലീസ് കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.