“ബെംഗളൂരു”എന്ന ഒരു പേരിന് പിന്നിൽ നിരവധി കഥകൾ….അതിങ്ങനെ…

ബെംഗളൂരു: അന്യ നാട്ടുകാരെ 2 കയ്യും നീട്ടി സ്വീകരിച്ച് വളരാൻ അനുവദിച്ച ഈ നഗരത്തിന് നിരവധി പേരുകൾ ഉണ്ട്.

നിരവധി പൂന്തോട്ടങ്ങൾ കൊണ്ടും മനോഹരമായ തടാകങ്ങൾ കൊണ്ടും തണുത്ത കാലാവസ്ഥ കൊണ്ടും പേരെടുത്ത ഈ ദക്ഷിണേന്ത്യൻ നഗരത്തെ “ഗാർഡൻ സിറ്റി”, പൂന്തോട്ട നഗരം, ആരാമ നഗരം എന്നാണ് ആദ്യകാലങ്ങളിൽ വിശേഷിപ്പിച്ചിരുന്നത്.

വലിയ ജോലികളിൽ നിന്ന് വിരമിച്ചവർ ഏറ്റവും നല്ല കാലാവസ്ഥയുടെ ആനുകൂല്യം കൊണ്ട് ശിഷ്ടകാലം ജീവിച്ച് തീർക്കാൻ ആദ്യകാലങ്ങളിൽ തെരഞ്ഞെടുത്തത് ബെംഗളൂരുവിനെയായിരുന്നു, അങ്ങനെ ഈ പേര് വീണു, “റിട്ടയർമെൻ്റ് സിറ്റി” വിരമിച്ചവരുടെ നഗരം.

എച്ച്.എ.എല്ലും ,എൻ.എ.എല്ലും, ഐ.ടി.ഐ.യും എയർ ഫോഴ്സും പീനിയ ബൊമ്മ സാന്ദ്ര വ്യാവസായിക പ്രദേശങ്ങൾക്ക് പിന്നാലെ ഇൻഫോസിസും വിപ്രോയും ടി.സി.എസും ടെക്ക് മഹീന്ദ്രയും അക്സെൻചറും ഇലക്ട്രോണിക് സിറ്റിയിലും വൈറ്റ് ഫീൽഡിലും ഔട്ടർ റിംഗ് റോഡിലും തമ്പടിച്ചതോടെ സോഫ്റ്റ് വെയർ വളർച്ചയുടെ തുടർച്ചയായി ,ഈ നഗരം രാജ്യത്തെ സോഫ്റ്റ് വെയർ കയറ്റുമതിയുടെ സിംഹഭാഗവും കയ്യടക്കിയതോടെ ഇന്ത്യയുടെ “സിലിക്കൺ വാലി”യായി..

നമ്മളിൽ പലരും 3ഡിയിൽ കണ്ട സ്വപ്നങ്ങൾ പ്രൊജക്ടറിൽ പ്രദർശിപ്പിക്കാൻ അനുവദിച്ച ഈ നഗരത്തിന് ബെംഗളൂരു എന്ന പേര് വരാനുണ്ടായ കാരണമെന്ത്, തുടർന്ന് വായിക്കുക.

നമ്മൾ എല്ലാവരും കേട്ടിട്ടുള്ള പ്രധാനപ്പെട്ട കഥ ഇതാണ്, ഹൊയ്സാല രാജാവായിരുന്ന ബെള്ളാള ദേവൻ വേട്ടക്കെത്തി വഴിതെറ്റി പോവുകയും വിശന്ന് വലഞ്ഞ് ഒരു വീടിൻ്റെ വാതിലിൽ മുട്ടി, വാതിൽ തുറന്ന ഒരു മുത്തശ്ശി രാജാവിന് പുഴുങ്ങിയ കടല (പരിപ്പ്) ഭക്ഷിക്കാൻ നൽകി, ബെന്ത (വേവിച്ച) കാളെ (പരിപ്പ്) ഊര് പിന്നീട് “ബെന്ത കാള, ഊരും പിന്നീട് ബെംഗളൂരുവുമായി എന്നാണ് ഒരു കഥ.

എന്നാൽ മഡിവാളയിലെ സോമേശ്വര ക്ഷേത്രത്തിൽ നിന്ന് ലഭിച്ച 1927 ലെ തമിഴ് ലിഖിതത്തിൽ പറഞ്ഞിരിക്കുന്നത് പ്രകാരം ഈ സ്ഥലത്തെ മുൻപ് തന്നെ “വെംഗളൂരു” എന്ന് വിളിച്ചിരുന്നു.

ക്രിസ്തു വർഷം 900 ആണ്ടിൽ ഇവിടെ വെംഗള നാഥന് വേണ്ടി പൂജകൾ നടന്നിരുന്നു, വെംഗളനാഥൻ്റെ ഊര് ,വെംഗളൂരു ആയി എന്നത് വേറൊരു കഥ, വെംഗളനാഥൻ എന്നാൽ വെങ്കിടേശ്വരൻ തന്നെ.

ബംഗാവലി രാജാവിന് വേണ്ടി നിർമിച്ച ഇടം, ബംഗാവലളൂരു ,പിന്നീട് ബെംഗളൂരു ആയി എന്ന് ചില പഴയ ലിഖിതങ്ങൾ പറയുന്നു.

ഈ നാട്ടിൽ നിരവധി വേങ്ങ മരങ്ങൾ (കന്നഡയിൽ ബേങ്ങ) ഇടതൂർന്നു വളർന്നിരുന്നു, ഈ വേങ്ങളുടെ ഊര് ബെംഗളൂരു ആയി മാറിയിരിക്കാം എന്നും ചിലർ വിശ്വസിക്കുന്നു.

മറ്റൊരു കഥ, നഗര ശിൽപ്പിയും സാമൂഹിക പരിഷ്കർത്താവുമായ ശ്രീ കെമ്പെ ഗൗഡ രണ്ടാമൻ്റെ ഗ്രാമത്തിൻ്റെ പേര് ബെംഗളൂരു എന്നായിരുന്നു എന്നും പിന്നീട് അദ്ദേഹം നഗരം നിർമ്മിച്ചപ്പോൾ ആ പേര് നഗരത്തിന് നഗരത്തിന് നൽകുകയായിരുന്നു എന്നും മറ്റൊരു കഥയുണ്ട്.

അവലംബകം: വോയ്സ് ഓഫ് ബെംഗളൂരു.

http://h4k.d79.myftpupload.com/archives/4213

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us