ബെംഗളൂരു: തെക്കൻ കുടകിലെ ഗ്രാമപ്രദേശങ്ങളിൽ കടുവകളെ പതിവായി കാണുന്നത് പ്രദേശവാസികളുടെ ഉറക്കം കളയുന്നു. പകൽ വെളിച്ചത്തിൽ കടുവകൾ റോഡ് മുറിച്ചുകടക്കുന്നത് നിരവധി ആളുകൾ കണ്ടിട്ടുണ്ട്. ഈയിടെ നിട്ടൂർ ഗ്രാമത്തിലെ പ്രധാന റോഡ് മുറിച്ചുകടക്കുന്ന കടുവയെ ബസിൽ യാത്ര ചെയ്ത യാത്രക്കാർ കണ്ടിരുന്നു.
തെക്കൻ കുടകിലെ നിട്ടൂരും കർമാഡുമുൾപ്പെടെയുള്ള ഗ്രാമങ്ങളിൽ കടുവയെ എളുപ്പത്തിൽ കാണാമെന്നതിനാൽ കടുവയെ കാണാൻ നാഗരഹോളിലേക്കോ മറ്റ് വന്യജീവി സഫാരികളിലേക്കോ പോകേണ്ടതില്ലെന്ന് പ്രദേശവാസിയായ ബൊപ്പയ്യ എ പറഞ്ഞു. എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് അധികൃതർ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും വനങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കുന്നത് വന്യജീവികളെ അതിരുകളിലേക്കാണ് നയിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2021 മുതൽ കടുവയുടെ ആക്രമണത്തിൽ ആറ് മനുഷ്യ ജീവനുകൾ നഷ്ടപ്പെടുകയും 200 ലധികം കന്നുകാലികൾ കൊല്ലപ്പെടുകയും ചെയ്തു, ഇതിന് പരിഹാരമൊന്നും കാഴ്ചയിൽ കാണുന്നില്ല. വനംവകുപ്പ് ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാനുള്ള സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് ഗ്രാമവാസികൾ പറയുന്നു.
കടുവകളെ പിടികൂടാൻ വനംവകുപ്പ് നേരത്തെ നടത്തിയ പല ദൗത്യങ്ങളും പരാജയപ്പെട്ടിരുന്നു. ആനശല്യം ഒരു പരിധിവരെ നിയന്ത്രിക്കാൻ റെയിൽവേ ബാരിക്കേഡുകൾ സ്ഥാപിക്കുകയും കിടങ്ങുകൾ കുഴിക്കുകയും ചെയ്തിട്ടും വനാതിർത്തിക്കുള്ളിൽ കടുവകളുടെ സഞ്ചാരം നിയന്ത്രിക്കാൻ സാധിച്ചിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.