കേരള എക്സ്പ്രസ്സിൽ നാലുപേർ മരിച്ച സംഭവം: കൂടുതൽ വിവരങ്ങൾ പുറത്ത്

ഝാൻസി: കടുത്തചൂടിൽ കേരള എക്സ്പ്രസിൽ തമിഴ്നാട്ടിലേക്ക് തിരിച്ച നാലുതീർഥാടകർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കോയമ്പത്തൂർ സ്വദേശികളായ പച്ചയ്യ (80), ബാലകൃഷ്ണ രാമസ്വാമി (67), ധനലക്ഷ്മി (74), സുബ്ബരയ്യ (73) എന്നിവരാണ് മരിച്ചത്.

ഉത്തർപ്രദേശിലെ ഝാൻസിയിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. കാശിക്കു തീർഥാടനത്തിനുപോയി മടങ്ങുകയായിരുന്ന 68 അംഗ സംഘത്തിൽപ്പെട്ട ഇവർ ആഗ്രയിൽ നിന്നാണ് ഡൽഹി-തിരുവനന്തപുരം കേരള എക്സ്പ്രസിൽ കയറിയത്. എസ് 8, 9 കോച്ചുകളിലായിരുന്നു മരിച്ചവർ.

തീർഥാടകസംഘത്തിലെ അധികം പേരും 65 വയസ്സിനുമേലുള്ളവരായിരുന്നു. ഗ്വാളിയറെത്തിയപ്പോഴാണ് കടുത്ത ചൂടിൽ ഇവർക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഝാൻസിയിലെത്തി റെയിൽവേഡോക്ടർ പരിശോധിക്കുമ്പോഴാണ് മരിച്ചതായി സ്ഥിരീകരിച്ചത്. കൊടുംചൂട് മരണകാരണമായെന്നാണ് പ്രാഥമിക നിഗമനം. ഉഷ്ണം താങ്ങാനാവുന്നില്ലെന്ന് ഇവർ പറഞ്ഞതായി ഒപ്പമുണ്ടായിരുന്നവർ അധികൃതരോട് പറഞ്ഞു.

പോസ്റ്റുമോർട്ടം കഴിഞ്ഞു:

മൃതദേഹങ്ങൾ ഝാൻസി സിവിൽ ഹോസ്പിറ്റലിൽ പോസ്റ്റുമോർട്ടത്തിന് ശേഷം തീർഥാടകസംഘത്തിൽ ഇവരുടെ കൂടെയുണ്ടായിരുന്നവർക്ക് ഒപ്പം പ്രത്യേക കോച്ചിൽ കോയമ്പത്തൂരിലേക്ക് അയച്ചു.

ഇവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാൻ റെയിൽവേ ഡിവിഷണൽ മാനേജർ നീരജ് അംബിഷത് നിർദേശിച്ചു.

ഉത്തരേന്ത്യയില്‍ കനത്ത ചൂട്:

ഉത്തരേന്ത്യയില്‍ ചൂട് എക്കാലത്തെയും റെക്കോര്‍ഡ് തകര്‍ത്ത്‌ കനക്കുകയാണ്. ചുട് 48 ഡിഗ്രിയിലേക്ക് വരെ ഉയര്‍ന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പകല്‍ സമയത്ത് കഴിവതും യാത്ര ഒഴിവാക്കാനുള്ള നിര്‍ദ്ദേശമാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച 48.1 ഡിഗ്രിയായിരുന്നു ഝാൻസിയിലെ ചൂട്.

ഈയിടെ, ഉത്തരേന്ത്യയിൽ രണ്ടു തീവണ്ടികളിലായി രണ്ടുപേർ കൊടുംചൂടിൽ മരിച്ചിരുന്നു. ജൂൺ ഏഴിനു ഖുശിനഗർ എക്സ്പ്രസിലെ ജനറൽ കോച്ചിൽ ഗാസിപുർ സ്വദേശി രാജേഷ് ഗുപ്തയാണ് മരിച്ചത്. രാജേഷിന്റെ മൃതദേഹം ഝാൻസിക്കടുത്തുള്ള ബാബിന സ്റ്റേഷനിൽനിന്നാണ് കണ്ടെത്തിയത്. ജൂൺ ഒന്നിന് യു.പി. ജൻസമ്പർക്രാന്തി എക്സ്പ്രസിലെ ജനറൽ കോച്ചിൽ സീതയെന്ന പെൺകുട്ടിയും മരിച്ചിരുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us