ബെംഗളൂരു: കർണാടകയിലെ ബി.ആർ.ടി ടൈഗർ റിസർവ്വിൽ കറുത്ത പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞു.
ഹോളേമട്ടി നേച്ചർ ഫൗണ്ടേഷനിലെ സഞ്ജയ് ഗുബ്ബിയും സംഘവും സ്ഥാപിച്ച കാമറയിലാണ് പുലിയുടെ ചിത്രങ്ങൾ പതിഞ്ഞത്. രണ്ട് വർഷം മുമ്പ് വനം വകുപ്പ് കണ്ടെത്തിയ പുലി തന്നെയാണിതെന്ന സംശയവുമുണ്ട്. 2020 ആഗസ്റ്റിലാണ് വനം വകുപ്പിൻറെ കാമറയിൽ ആദ്യമായി കറുത്ത പുള്ളിപ്പുലി പതിഞ്ഞത്. 2020 ഡിസംബറിൽ എം.എം ഹിൽസ് വന്യജീവി സങ്കേതത്തിന് സമീപത്തെ പിജിപാല്യ റെഞ്ചിലായിരുന്നു കറുത്ത ആൺ പുള്ളിപുലിയെ കണ്ടെത്തിയത്.
ബി.ആർ.ടി ടൈഗർ റിസർവ്വിനേയും എം.എം ഹിൽസിനേയും ബന്ധിപ്പിക്കുന്നത് 1.6 കി.മീറ്റർ നീളമുള്ള ഇടുങ്ങിയ വന ഇടനാഴിയാണ്. കറുത്ത പുള്ളിപ്പുലികളുടെ സാന്നിധ്യം കണ്ടെത്തിയതിനാൽ ഈ ഇടനാഴി നിർണായകമാണെന്നും പാതയുടെ സംരക്ഷണം ഉറപ്പാക്കണമെന്നുമാണ് ആവശ്യം. കൊല്ലേഹാല-ഹസനൂർ റോഡ് ഇതിലൂടെ കടന്നു പോകുന്നത്. ഇതുവഴിയുള്ള വാഹനഗതാഗതം വന്യജീവികൾക്ക് വലിയ ഭീഷണിയാണ്.
നാഗർഹോള, ബന്ദിപ്പൂർ, ഭദ്ര, ബി.ആർ.ടി, കാളി എന്നീ കർണാടകയിലെ അഞ്ച് ടൈഗർ റിസർവുകളിലും കറുത്ത പുള്ളിപ്പുലികളുടെ സാന്നിധ്യം ഉണ്ടെന്ന് പറയപ്പെടുന്നു. കൂടാതെ ഹൊന്നാവര, ഉടുപ്പി, കുന്ദാപുര എന്നിവ ഉൾപ്പെടെയുള്ള സംരക്ഷണ പ്രദേശങ്ങൾക്ക് പുറത്തുള്ള ചില മേഖലകളിലും ഇവ ഉണ്ടെന്നാണ് കണ്ടെത്തൽ. ബന്ദിപ്പൂരിനോട് ചേർന്നുള്ള നുഗു വന്യജീവി സങ്കേതത്തിലും ഇവ പ്രത്യക്ഷപ്പെട്ടിരുന്നു. ഉത്തര കന്നഡയിലെ കാളി ടൈഗർ റിസർവ്വിലാണ് ഏറ്റവും കൂടുതൽ കറുത്ത പുള്ളിപ്പുലികളെ കണ്ടെത്തിയിട്ടുള്ളത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.