മതപരിവര്‍ത്തന നിരോധന ഓര്‍ഡിന്‍സ്, ബിജെപി സർക്കാരിനെതിരെ ആർച്ച് ബിഷപ്പ്

ബെംഗളൂരു: കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന ഓര്‍ഡിന്‍സിന് ഗവര്‍ണര്‍ അനുമതി നല്‍കിയതിന് പിന്നാലെ പ്രതിഷേധമറിയിച്ച്‌ സംസ്ഥാനത്തെ ക്രിസ്ത്യന്‍ വിഭാഗം.

ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും ചതിക്കപ്പെട്ടതു പോലെ തോന്നുന്നെന്നും ബെംഗളൂരു ആര്‍ച്ച്‌ ബിഷപ്പ് പീറ്റര്‍ മസാദൊ പറഞ്ഞു. വിദ്യാഭ്യാസം, ആരോഗ്യ മേഖല, തുടങ്ങി സാമൂഹിക മേഖലകളില്‍ എല്ലാ സമുദായത്തിനായി നിസ്വാര്‍ത്ഥ സേവനങ്ങള്‍ നടത്തുന്ന ക്രിസ്ത്യന്‍ സമൂഹത്തിന്റെ വികാരങ്ങള്‍ പരിഗണിക്കാത്തത് ചതിക്കപ്പെട്ടത് പോലെ തോന്നിക്കുന്നു,’ ആര്‍ച്ച്‌ ബിഷപ്പ് പറഞ്ഞു.

ബില്‍ അപ്രസ്‌കതവും ദുരുദ്ദേശ്യപരവുമാണെന്നും ക്രിസ്ത്യാനികളെ മറ്റ് മത ന്യൂനപക്ഷങ്ങളില്‍ നിന്ന് വേര്‍പെടുത്താനാണ് ലക്ഷ്യമിടുന്നതെന്നും സംസ്ഥാന സര്‍ക്കാരിനോട് ആവര്‍ത്തിച്ച്‌ പറഞ്ഞതാണ്. ബില്‍ ഗവര്‍ണറുടെ അനുമതിക്കായി അയച്ചുവെന്നറിഞ്ഞപ്പോഴും ഞങ്ങളുടെ പ്രതിനിധി സംഘം അദ്ദേഹത്തെ കാണുകയും സമ്മതം നല്‍കരുതെന്ന് അദ്ദേഹത്തോട് ആത്മാര്‍ത്ഥമായി അഭ്യര്‍ത്ഥിക്കുകയും ചെയ്തതാണ്. നിര്‍ഭാഗ്യവശാല്‍ തങ്ങളുടെ അഭ്യര്‍ത്ഥന മാനിക്കപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമം പ്രാബല്യത്തില്‍ വരാതിരിക്കാന്‍ ജനാധിപത്യപരമായ വഴികള്‍ തേടുമെന്നും ആര്‍ച്ച്‌ ബിഷപ്പ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് മതസ്വാതന്ത്ര്യ ഓര്‍ഡിനന്‍സിന് കര്‍ണാടക ഗവര്‍ണറുടെ അനുമതി ലഭിച്ചത്. മതപരിവര്‍ത്തനം തടയലാണ് ഓര്‍ഡിനന്‍സിലൂടെ ലക്ഷ്യം വെക്കുന്നത്. തെറ്റിദ്ധരിപ്പിക്കല്‍, ബല പ്രയോഗം, വഞ്ചനാപരമായ മാര്‍ഗങ്ങള്‍, വിവാഹം വാഗ്ദാനം, മറ്റ് സ്വാധീനങ്ങള്‍ തുടങ്ങിയവയിലൂടെ മതപരിവര്‍ത്തനം ചെയ്യുന്നത് ഈ ബില്‍ തടയുന്നു. ജനറല്‍ വിഭാഗത്തിലുള്‍പ്പെട്ട സമുദായക്കാരെ മതം മാറ്റിയാല്‍ 3 മുതല്‍ 5 വര്‍ഷം വരെ തടവും 25,000 രൂപ പിഴയും എസ് സി, എസ് ടി വിഭാഗത്തില്‍ നിന്നുള്ളവരെ മതം മാറ്റിയാല്‍ മൂന്ന് മുതല്‍ പത്ത് വര്‍ഷം വരെ തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us