ബെംഗളൂരു: ഹിന്ദി ദേശീയ ഭാഷയാക്കണമെന്ന അജയ് ദേവ്ഗണിന്റെ ട്വീറ്റിനെതിരെ കര്‍ണാടകയില്‍ പ്രതിഷേധം.
കര്‍ണാടക രക്ഷണെ വേദികെ പ്രവീണ്‍ ഷെട്ടി വിഭാഗമാണ് ബോളിവുഡ് താരം അജയ് ദേവ്ഗണിനെതിരെ രംഗത്ത് എത്തിയത്. ബെംഗളുരൂ ബാങ്ക് സര്‍ക്കിളിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. അജയ് ദേവ്ഗണിന്റെ ചിത്രങ്ങളുമായി അധിക്ഷേപ മുദ്രാവാക്യങ്ങളുയര്‍ത്തിയ പ്രതിഷേധക്കാരെ പോലീസ് കസ്റ്റഡിയിലെത്തു. പ്രതിഷേധം സംഘടിപ്പിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് പ്രതിഷേധക്കാരെ കസ്റ്റഡിയിൽ എടുത്തത്.
ഹിന്ദി ദേശീയ ഭാഷയാക്കണമെന്ന തരത്തിലുള്ള പ്രസ്താവനകളിലൂടെ ഉത്തര ഇന്ത്യക്കാര്‍ പ്രകോപനമുണ്ടാക്കുന്നുണ്ടെന്നും പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു.ഹിന്ദി ചിത്രങ്ങള്‍ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. എന്നാല്‍ കന്നട ചിത്രങ്ങള്‍ രാജ്യ വ്യാപകമായ വിജയം കൈവരിക്കുമ്പോള്‍ ബോളിവുഡില്‍ അസഹിഷ്ണുത ഉളവാക്കുന്നെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
ഇന്ത്യന്‍ ഭരണഘടനയില്‍ ഹിന്ദിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയത് കൊണ്ടാണ് ഹിന്ദി ഭാഷ സംസാരിക്കുന്നവര്‍ മറ്റ് ഭാഷകള്‍ക്ക് മേല്‍ കടന്നുകയറ്റം നടത്തുന്നതെന്ന് സംഘടനയുടെ പ്രസിഡന്റ് ടി എ നാരായണ ഗൗഡ പറഞ്ഞു. അജയ് ദേവ്ഗണിന്റെ പ്രസ്താവനയും ഫ്യൂഡലിസത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദി ഭാഷയ്ക്ക് ഭരണഘടന നല്കുന്ന പ്രാധാന്യം അവസാനിപ്പിക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.