ചെന്നൈ: 2004ൽ മൈലാപ്പൂരിലെ പ്രശസ്തമായ ശ്രീ കപാലീശ്വരർ-കർപ്പഗംബാൾ ക്ഷേത്രത്തിൽ നിന്ന് കാണാതായ മയിൽ വിഗ്രഹം ശ്രീകോവിലിൽ കുഴിച്ചിട്ടിട്ടുണ്ടെന്ന് കരുതുന്നതായി മദ്രാസ് ഹൈക്കോടതിയുടെ ഒന്നാം ബെഞ്ച് ചൊവ്വാഴ്ച അറിയിച്ചു.
തിരുച്ചിറപ്പള്ളി ജില്ലയിലെ ശ്രീരംഗം സ്വദേശി രംഗരാജൻ നരസിംഹൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ കൂടുതൽ വാദം കേൾക്കാനെത്തിയപ്പോളാണ് സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടർ ഹസൻ മുഹമ്മദ് ജിന്ന ഇക്കാര്യം അറിയിച്ചത്.
2004-ൽ നടന്ന കുംഭാഭിഷേകത്തിന് ശേഷമാണ് പുന്നൈവനനാഥർക്ക് കൊക്കിൽ പുഷ്പങ്ങൾ അർപ്പിക്കുന്ന രീതിയിലുള്ള മയിലിന്റെ യഥാർത്ഥ വിഗ്രഹം കാണാതായതെന്ന് ഹർജിയിൽ പറയുന്നു.
ശേഷം അതിന് പകരം ആഗമ ശാസ്ത്രത്തിന് എതിരായ പാമ്പിനെ കൊക്കിൽ വഹിക്കുന്ന മയിലിന്റെ മറ്റൊരു വിഗ്രഹം സ്ഥാപിച്ചു. എന്നാൽ വിഷയം ഇന്ന് ചീഫ് ജസ്റ്റിസ് എം എൻ ഭണ്ഡാരി, ജസ്റ്റിസ് ഡി ഭരത ചക്രവർത്തി എന്നിവരുടെ ബെഞ്ചിന് മുമ്പാകെ എത്തിയപ്പോളാണ്, ക്ഷേത്രത്തിലെ ടാങ്കിൽ ചില വിഗ്രഹങ്ങൾ കുഴിച്ചിട്ടതായി സംശയിക്കുന്നുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞതായി ജിന്ന ബെഞ്ചിനോട് വ്യക്തമാക്കിയത്.
ടാങ്ക് മുഴുവൻ കുഴിക്കുന്നതിനുപകരം, കുഴിച്ചിട്ടതായി പറയുന്ന വിഗ്രഹങ്ങൾ കണ്ടെത്തുന്നതിന് എന്തെങ്കിലും സാങ്കേതികവിദ്യ ലഭ്യമാണോയെന്നും ടാങ്കിന് വലിയ കേടുപാടുകൾ കൂടാതെ വീണ്ടെടുക്കാൻ കഴിയുമോയെന്നും കണ്ടെത്താൻ അണ്ണാ സർവകലാശാലയുടെ സഹായം തേടാനാണ് പോലീസിന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഈ കേസ് രണ്ടാഴ്ചത്തേക്ക് ബെഞ്ച് മാറ്റിവെച്ചിരിക്കുകയാണ് ഇതിനിടയിൽ, മൈലാപ്പൂർ ടാങ്കിൽ നിന്നോ മറ്റെവിടെയെങ്കിലുമോ യഥാർത്ഥ വിഗ്രഹം കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തണമെന്നും ഇത് കണ്ടെത്താനായില്ലെങ്കിൽ, ആഗമ പ്രകാരം പുതിയൊരെണ്ണം സ്ഥാപിക്കണമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.