ബെംഗളൂരു: കര്‍ണാടകയില്‍ ഗോവധ നിരോധന, സംരക്ഷണ നിയമ പ്രകാരം ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് പേരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്.
ശ്രിങ്കേരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലാണ് സംഭവം നടന്നത്. ജനുവരി അഞ്ച് മുതലാണ് സംസ്ഥാനത്ത് ഗോവധ നിരോധന നിയമം ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ അംഗീകാരം നല്‍കിയതോടെ പ്രാബല്യത്തില്‍ വരുന്നത്.
ബില്ല് നിയമമായതോടെ പശു, കാള, പോത്ത് തുടങ്ങിയ കന്നുകാലികളെ കശാപ്പ് ചെയ്യുന്നതും അനധികൃതമാി കടത്താന്‍ ശ്രമിക്കുന്നതും നിയമവിരുദ്ധമായി.
ചിക്കമംഗളൂരു ജില്ലയിലാണ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. ക്ലീനറാണ് അറസ്റ്റിലായത്. അനധികൃതമായി കന്നുകാലികളെ കുത്തി നിറച്ച് കൊണ്ടുപോകുകയായിരുന്ന വാഹനത്തേയും ഡ്രൈവറേയും പോലീസ് അറസ്റ്റ് ചെയ്തു.
കന്നുകാലികളെ സുരക്ഷിത സ്ഥലത്ത് എത്തിച്ചെന്നും പോലീസ് അറിയിച്ചു. ഇന്ന് രാവിലെയാണ് സംഭവം. 35 ഓളം കന്നുകാലികളെ ദാവനഗരെ ജില്ലയിലെ റാണെബെന്നൂരിൽ നിന്ന് ചിക്കമംഗളൂരു വഴി മംഗളൂരുവിലേക്ക് അനധികൃതമായി കടത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
രണ്ടാമത്തെ അറസ്റ്റ് രേഖപ്പെടുത്തിയത് കൈമന ഗ്രാമത്തിലാണ്. അനധികൃതമായി കന്നുകാലികളെ കടത്തുന്നത് ശ്രദ്ധയിൽപ്പെട്ട ഒരു കൂട്ടം ആളുകൾ ഡ്രൈവറെ ആക്രമിച്ചു.
പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പോലീസ് പറഞ്ഞു. ചിക്കമംഗളൂരു ജില്ലയിലെ ശ്രിങ്കേരി പോലീസ് സ്‌റ്റേഷനിലാണ് ഇയാൾക്കെതിരേയും കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
രണ്ട് പേർക്കെതിരേയും പോലീസ് ഗോവധ നിരോധന നയമ പ്രകാരം കേസെടുത്തു. 3 വർഷം മുതൽ ഏഴുവർഷം വരെ തടവും, 50,000 മുതൽ 5 ലക്ഷം രൂപവരെ പിഴയുമാണ് ശിക്ഷ ലഭിക്കുക. വീണ്ടും കുറ്റം ആവർത്തിക്കുന്നവർക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ പിഴയും ഏഴ് വർഷം വരെ തടവും ലഭിക്കും.