ബെംഗളൂരു: ഓണ്‍ലൈനില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ ബംഗളൂരുവില്‍ നിന്ന് ഉത്തര്‍പ്രദേശില്‍ എത്തിയ യുവാവിനെ നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് പൊലീസിനെ ഏല്‍പ്പിച്ചു. നഗരത്തിൽ എന്‍ജിനീയറായി ജോലി ചെയ്യുന്ന 21കാരനാണ് പെണ്‍കുട്ടിയെ കാണാന്‍ ഉത്തര്‍പ്രദേശില്‍ എത്തിയത്.
മുസ്ലീം സമുദായത്തില്‍പ്പെട്ട ആളായത് കൊണ്ട് നിര്‍ബന്ധിത മതപരിവര്‍ത്തനം തടയല്‍ നിയമം അനുസരിച്ച് യുവാവിനെതിരെ കേസെടുക്കണമെന്ന് വലതുപക്ഷ സംഘടന പൊലീസിനോട് ആവശ്യപ്പെട്ടു. ഞായറാഴ്ച കസ്റ്റഡിയില്‍വച്ച യുവാവിനെ പിറ്റേദിവസം സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചു.
ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയിലാണ് സംഭവം. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ ഓണ്‍ലൈനിലൂടെയാണ് കൗമാരക്കാരിയെ യുവാവ് പരിചയപ്പെട്ടത്. ജന്മദിനത്തില്‍ നേരിട്ട് കാണാന്‍ വിമാനത്തിലാണ് യുവാവ് ഉത്തര്‍പ്രദേശില്‍ എത്തിയത്.
ജന്മദിന സമ്മാനമായി മധുരപലഹാരങ്ങളും കൈയില്‍ കരുതിയിരുന്നു. പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ യുവാവിനോട് ആരാണ് എന്നും പേരെന്താണ് എന്നും മാതാപിതാക്കള്‍ ചോദിച്ചു. തുടര്‍ന്ന് ഒരു പ്രകോപനവുമില്ലാതെ നാട്ടുകാരും വലതുപക്ഷ സംഘടനയില്‍പ്പെട്ടവരും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ പൊലീസിനെ വിവരം അറിയിച്ചു. ഇത് നിര്‍ബന്ധിത മതപരിവര്‍ത്തനമാണ് എന്ന് ആരോപിച്ച് യുവാവിനെതിരെ കേസെടുക്കാന്‍ വലതുപക്ഷ സംഘടന പൊലീസിനോട് ആവശ്യപ്പെട്ടു. പെണ്‍കുട്ടിയെ കാണാന്‍ വന്നതാണ് എന്ന് യുവാവ് പൊലീസിനോട് വിശദീകരിച്ചു.
ഉത്തര്‍പ്രദേശ് സ്വദേശി തന്നെയാണ് എന്ന് പറഞ്ഞ യുവാവ് ജോലിയുടെ ഭാഗമായാണ് ബംഗളൂരുവിലെന്നും വിവരിച്ചു. തങ്ങളെ ഭീഷണിപ്പെടുത്താന്‍ വന്നതാണ് യുവാവ് എന്നാണ് കരുതിയതെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.
പെണ്‍കുട്ടി ഹിന്ദു സമുദായത്തില്‍പ്പെട്ട കുട്ടിയാണ്. എന്നാല്‍ കാര്യങ്ങള്‍ അറിഞ്ഞതോടെ പരാതിയില്ല എന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അറിയിച്ചു. മാതാപിതാക്കളുടെ പരാതിയില്ലാത്ത സാഹചര്യത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല എന്ന് പൊലീസ് അറിയിച്ചു.
പൊലീസ് സ്റ്റേഷനില്‍ യുവാവിനെ എത്തിച്ചത് രാത്രിയായതിനാല്‍ യുവാവിനെ കസ്റ്റഡിയില്‍ വെയ്ക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. രാവിലെ കോടതിയില്‍ ഹാജരാക്കിയ യുവാവിനെ മോചിപ്പിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഉത്തരവിടുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.