ബെംഗളൂരു: ഐഫോണ്‍ നിര്‍മാണ കമ്പനിയിലെ തൊഴിലാളികൾ നേരിട്ടത് കടുത്ത അനീതിയും ചൂഷണവും; റിപ്പോർട്ട് പുറത്ത്. തായ്വാനീസ് കമ്പനി വിസ്ട്രണിന്റ കോലാറിലെ ഐഫോണ്‍ നിര്‍മാണ യൂനിറ്റില്‍ തൊഴിലാളി പ്രതിഷേധം അക്രമത്തില്‍ കലാശിച്ച സംഭവത്തില്‍ അഖിലേന്ത്യ സെന്‍ട്രല്‍ കൗണ്‍സില്‍ ഒഫ് ട്രേഡ് യൂനിയന്‍സ് (എ.ഐ.സി.സി.ടി.യു) വസ്തുതാന്വേഷണ റിപ്പോർട്ട് തയാറാക്കി.
തൊഴിലാളികള്‍ക്കുനേരെ കമ്പനിയില്‍ നടന്നിരുന്ന കടുത്ത അനീതിയും ചൂഷണവുമാണ് അക്രമത്തിലേക്ക് വഴിവെച്ചതെന്നാണ് വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്റ ഉള്ളടക്കം. കമ്ബനിയിലെ തൊഴിലാളികളെ നേരിട്ടുകണ്ടാണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് അവര്‍ പറഞ്ഞു. കോലാര്‍ നരസിപുര വ്യവസായ മേഖലയില്‍ സ്ഥിതി ചെയ്യുന്ന വിസ്ട്രണ്‍ കമ്പനിയിലെ 10,000ത്തോളം ജീവനക്കാര്‍ കരാര്‍ തൊഴിലാളികളാണ്.
വിസ്ട്രണ്‍ കമ്പനി അധികൃതര്‍ തന്നെ ഇന്‍റര്‍വ്യൂ നടത്തിയാണ് ഇവരെ ജോലിക്കെടുത്തതെങ്കിലും കോണ്‍ട്രാക്ടര്‍മാര്‍ക്കു കീഴിലാണ് നിയമനമെന്ന് ജോലി ഉത്തരവില്‍ പറയുന്നു. ഇത്തരത്തില്‍ ആറ് കരാറുകാര്‍ കമ്പനിക്കു കീഴിലുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, ഈ കോണ്ട്രാക്ടര്മാരുടെ പേരുകള്‍ മാത്രമാണ് രേഖകളിലുള്ളതെന്നും സ്ഥിരനിയമനം ഒഴിവാക്കാനും അവരുടെ അവകാശങ്ങള്‍ തടയാനും വിസ്ട്രണ്‍ കമ്ബനി സ്വീകരിച്ച തന്ത്രമാണിതെന്നും എ.ഐ.സി.സി.ടി.യു പറയുന്നു. അവകാശങ്ങളെക്കുറിച്ച് സംസാരിക്കാന്‍ പല തൊഴിലാളികളും ഭയപ്പെടുകയാണ്. ദിനേന 12 മണിക്കൂറാണ് ജോലി ഷിഫ്റ്റ്. മുടങ്ങിക്കിടക്കുന്ന ശമ്ബളവും അധികസമയം ജോലി ചെയ്യുന്നതിനുള്ള വേതനവും നല്‍കണമെന്ന് പലതവണ ജോലിക്കാര്‍ ആവശ്യപ്പെട്ടിട്ടും കമ്ബനി ഉദ്യോഗസ്ഥര്‍ ചെവിക്കൊണ്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കര്‍ണാടക, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് കൂടുതല്‍ ജീവനക്കാരും. തുടര്‍ന്ന് അറിയിപ്പ് ലഭിക്കുന്നതുവരെ ഡ്യൂട്ടിയില്‍ പ്രവേശിക്കേണ്ടതില്ലെന്നാണ് തൊഴിലാളികള്‍ക്ക് മേലുദ്യോഗസ്ഥരില്‍നിന്ന് മൊബൈല്‍ ഫോണില്‍ ലഭിച്ച സന്ദേശം.
തങ്ങളുടെ ജോലിയെക്കുറിച്ചും മുടങ്ങിക്കിടക്കുന്ന ശമ്ബളത്തെക്കുറിച്ചും അവര്‍ ആശങ്കാകുലരാണ്. തൊഴിലാളികളില്‍ ഭൂരിഭാഗവും സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവരും ദലിതരുമാണ്. അവരുടെ തൊഴില്‍പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് എ.ഐ.സി.സി.ടി.യു ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.