വിദ്യാർഥികളുടെ ഹാജർനില കുറയുന്നത് തിരിച്ചടിയാകുന്നു

ബെംഗളൂരു: വിദ്യാർഥികളുടെ ഹാജർനില കുറയുന്നത് തിരിച്ചടിയാകുന്നു. കോളേജുകളിൽ നേരിട്ടുള്ള ക്ലാസുകൾ തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും വളരെ കുറച്ച് വിദ്യാർഥികൾ മാത്രമാണ് ക്ലാസുകളിൽ എത്തുന്നത്.

പല ക്ലാസുകളിലും പകുതി വിദ്യാർഥികൾ പോലുമെത്താത്ത സാഹചര്യമാണുള്ളത്. ചെറുകിട നഗരങ്ങളിലെ കോളേജുകൾ വിദ്യാർഥികളില്ലാത്തതിനെത്തുടർന്ന് വീണ്ടും ഓൺലൈൻ ക്ലാസുകളിലേക്ക് പൂർണമായി മാറി.

സർക്കാർ കോളേജുകളിൽ ബിരുദ, ബിരുദാനന്തരബിരുദ, എൻജിനിയറിങ്, ഡിപ്ലോമ കോഴ്‌സുകൾ പൂർണമായി തുടങ്ങിയെങ്കിലും ബെംഗളൂരു ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ സ്വകാര്യ കോളേജുകളിൽ ഭൂരിഭാഗവും അവസാനവർഷ ക്ലാസുകൾമാത്രമാണ് നടത്തുന്നത്.

പല കോളേജുകളിലും സെമസ്റ്റർ പരീക്ഷയും നടന്നുവരികയാണ്. നേരിട്ടുള്ള ക്ലാസുകളിൽ പങ്കെടുക്കാനുള്ള സൗകര്യം അനുവദിക്കുന്നതിനോടൊപ്പം ഓൺലൈൻ ക്ലാസുകളും കോളേജുകൾ നടത്തുന്നുണ്ട്. ഭൂരിഭാഗം വിദ്യാർഥികളും ഓൺലൈൻ ക്ലാസുകളാണ് തിരഞ്ഞെടുക്കുന്നത്.

  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ

ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള വിദ്യാർഥികളൊന്നും കോളേജുകളിലെത്തിയിട്ടില്ല. കോവിഡ് ഭീതിയാണ് ഇതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെയാണ് കോളേജുകളിൽ പ്രവേശിപ്പിക്കുന്നതെങ്കിലും ഫലം ലഭിക്കാനുള്ള കാലതാമസം വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്.

രണ്ടും മൂന്നും ദിവസത്തിനുശേഷമാണ് പലപ്പോഴും പരിശോധനാഫലം ലഭിക്കുന്നതെന്ന് വിദ്യാർഥികൾ പറയുന്നു. കോളേജിൽനിന്ന് പരിശോധന നടത്തി രണ്ടുദിവസത്തിനുശേഷം കോവിഡ് പോസിറ്റീവായ വിദ്യാർഥികളുണ്ട്. മറ്റുള്ളവർക്കൊപ്പം ക്ലാസ്‌മുറികളിൽ ചെലവഴിച്ചതിനുശേഷമാണ് ഇവർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്.

കോവിഡ് പരിശോധന കൂടുതൽ കാര്യക്ഷമമാക്കണമെന്ന് വിദ്യാർഥി സംഘടനകളും അധ്യാപകരും നേരത്തേ ആവശ്യപ്പെട്ടിരുന്നു. കോളേജുകളിൽ കോർപ്പറേഷന്റെ നേതൃത്വത്തിലുള്ള മൊബൈൽ ലാബുകൾ എത്തിച്ചാണ് പരിശോധന നടത്തുന്നത്.

  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!

പരിശോധനാഫലം ലഭിക്കാൻ വൈകുന്നതിനാൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാതെ വിദ്യാർഥികളെ ക്ലാസ്‌മുറികളിൽ പ്രവേശിപ്പിക്കാൻ നിർബന്ധിതരാകുകയാണ് കോളേജധികൃതർ.

കോളേജുകൾ തുറന്നതോടെ അധ്യാപകരുടെ ജോലിഭാരവും ഇരട്ടിയായി. നേരിട്ടുള്ള ക്ലാസുകൾക്കൊപ്പം ഓൺലൈൻ ക്ലാസുകളും നടത്തണം. സർക്കാർ കോളേജുകളിലെ അധ്യാപകരിൽ വലിയൊരു വിഭാഗത്തിനും കോവിഡ് ഡ്യൂട്ടിയുമുണ്ട്. എല്ലാംകൊണ്ടും വലിയ തിരിച്ചടിയാണ് വിദ്യാലയങ്ങളും അധ്യാപകരും സർക്കാരും നേരിടുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts