ബെംഗളൂരു : സുപ്രീം കോടതി വിധിച്ച പത്ത് കോടി പത്ത് ലക്ഷം രൂപയുടെ പിഴ നഗരത്തിലെ പ്രത്യേക കോടതിയിൽ ശശികല അടച്ചു.
നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നുവെന്നും ജനുവരിയിൽ ശശികലയുടെ ജയിൽ മോചനം ഉണ്ടാകുമെന്നും അവരുടെ അഭിഭാഷകൻ അറിയിച്ചു.
അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷം തടവും പത്ത് കോടി രൂപ പിഴയുമായിരുന്നു ശശികലയ്ക്ക് ശിക്ഷ വിധിച്ചത്. നാല് വർഷം തടവ് ജനുവരി 27 ന് പൂർത്തിയാവും.
ഈ സാഹചര്യത്തിലാണ് പത്ത് കോടി പത്ത് ലക്ഷം രൂപ ബെംഗളൂരു സിറ്റി സെഷൻസ് കോടതിയിൽ ശശികലയുടെ അഭിഭാഷകൻ അടച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധികം ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വരുമായിരുന്നു.
പയസ് ഗാർഡനിലെ ഉൾപ്പടെ ശശികലയുടെ രണ്ടായിരം കോടി രൂപയുടെ സ്വത്തുക്കൾ മാസങ്ങൾക്ക് മുമ്പാണ് ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയത്.
ഹൈദരാബാദിൽ ഉൾപ്പടെയുള്ള ബിനാമി കമ്പനികളും കണ്ടുകെട്ടിയിരുന്നു.
ശശികല പുറത്തിറങ്ങേണ്ടത് തമിഴ്നാട്ടിലെ ജനങ്ങളുടെ ആവശ്യമാണെന്നും ജനുവരിയിൽ തന്നെ മോചിതയാകുമെന്നും മന്നാർഗുഡി കുടുംബം അവകാശപ്പെട്ടു.
ശശികലയുടെ നല്ലനടപ്പ് കൂടി പരിഗണിച്ച് നടപടി നീണ്ടുപോകില്ലെന്ന് പരപ്പന അഗ്രഹാര ജയിൽ അധികൃതർ വ്യക്തമാക്കി.
ജയിലിൽ ശശികലയ്ക്ക് വിഐപി പരിഗണനയെന്ന് തെളിയിക്കുന്ന രേഖകൾ നേരത്തെ പുറത്തു വന്നിരുന്നു.
പ്രത്യേകം അടുക്കള, നിയന്ത്രണമില്ലാതെ സന്ദർശകർ , ടെലിവിഷൻ തുടങ്ങി എല്ലാ സൗകര്യങ്ങളും ലഭിച്ചിക്കുന്നുണ്ട് എന്നാണ് വാർത്തകൾ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.