കേന്ദ്രമന്ത്രി രാംവിലാസ് പസ്വാൻ അന്തരിച്ചു

ന്യൂഡൽഹി: കേന്ദ്രമന്ത്രിയും എൽ.ജെ.പി നേതാവുമായ രാംവിലാസ് പസ്വാൻ (74) അന്തരിച്ചു. ഏറെനാളായി ഹൃദയസംബന്ധമായ അസൂഖങ്ങൾ അലട്ടിയിരുന്നു. അടിയന്തര ഹൃദയശസ്ത്രക്രിയയെ തുടർന്ന് കുറച്ചുനാളായി ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകൻ ചിരാഗ് പസ്വാനാണ് മരണവിവരം ട്വീറ്റ് ചെയ്തത്.

ബിഹാറിലെ ഖാഗരിയ ജില്ലയിലെ ദളിത് കുടുംബത്തിൽ ജനിച്ച പസ്വാൻ ഇന്ത്യയിലെ അറിയപ്പെടുന്ന ദളിത് നേതാവ് കൂടിയാണ്. രണ്ടാം മോദി സർക്കാരിൽ കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രിയായിരുന്നു. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ഇന്ത്യൻ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു രാംവിലാസ് പസ്വാൻ. ജനതാ പാർട്ടിയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്.

അടിയന്തരാവസ്ഥ കാലത്ത് ഇന്ദിര ഗാന്ധിക്കെതിരേ കടുത്ത നിലപാടെടുത്ത വിദ്യാർഥി നേതാവായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷമുള്ള സമരമുഖമാണ് പസ്വാനിലെ രാഷ്ട്രീയ നേതാവിനെ പുറത്തുകൊണ്ടുവരുന്നത്. അടിയന്തരാവസ്ഥ അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അറസ്റ്റിലായ പസ്വാൻ ഏറെക്കാലം തടവ് അനുഭവിച്ചു. പിന്നീട് നടന്ന നിരവധി പൊതുതിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി ജയിച്ച് ലോക്സഭയിലേക്കെത്തി.

കളം അറിഞ്ഞ് കളിക്കാനറിയുന്ന രാഷ്ട്രീയക്കാരനായിരുന്നു പസ്വാൻ. 1969ൽ ബിഹാർ നിയമസഭയിലെത്തി. ബിഹാർ നിമയസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയും പസ്വാനാണ്. ആറ് പ്രധാനമന്ത്രിമാരുടെ കീഴിൽ കേന്ദ്രമന്ത്രിസഭയിൽ അംഗമായിരുന്നു. 2000ത്തിലാണ് ലോക്ജനശക്തി (എൽജെപി) രൂപവത്കരിച്ചത്. 2004ലെ മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ മന്ത്രിസഭയിലും അംഗമായിരുന്നു. ഏറ്റവും ഒടുവിൽ രണ്ട് മോദി മന്ത്രിസഭയിലും അംഗമായി.

ഏഴ് തവണ ബിഹാറിലെ ഹാജിപുർ മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്കെത്തി. കഴിഞ്ഞ 32 വർഷത്തിനിടയിൽ 2009ലെ യുപിഎ മന്ത്രിസഭയിൽ മാത്രമാണ് അദ്ദേഹം അംഗമല്ലാതിരുന്നത്. ജനതാ പാർട്ടിക്ക് പുറമേ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി, ലോക്ദൾ, ജനദാതൾ എന്നീ പാർട്ടികളിലും പസ്വാൻ പ്രവർത്തിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us