നഗരത്തിലെ ഒരു കുടുംബത്തിലെ 22 പേർക്ക് കോവിഡ്; കുടുംബാംഗങ്ങൾക്കുള്ളിലെ വ്യാപനം കൂടുന്നു

ബെംഗളൂരു: നഗരത്തിലെ ഒരു കുടുംബത്തിലെ 22-ഓളം പേർക്ക് കോവിഡ്. ഇവരിൽ വിരലിലെണ്ണാവുന്നവർമാത്രമേ പുറത്തിറങ്ങി കുടുംബത്തിന് പുറത്തുള്ളവരുമായി സമ്പർക്കത്തിൽ വന്നിട്ടുള്ളു. മറ്റു കുടുംബാംഗങ്ങൾക്ക് ഇവരിലൂടെയാണ് കോവിഡ് പകർന്നത്.

നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ ഒരു കുടുബത്തിലെ മുഴുവൻപേർക്കും കോവിഡ് സ്ഥിരീകരിക്കുന്ന സംഭവങ്ങൾ ഒട്ടേറെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുറത്തുപോകുമ്പോൾ സ്വീകരിക്കുന്ന മുൻകരുതലുകൾ വീട്ടിനുള്ളിലും സ്വീകരിക്കാൻ തയ്യാറാകണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ നിർദേശം.

പൊതുവായ ശൗചാലയം ഉപയോഗിക്കുന്നതും വീട്ടകങ്ങളിൽ സാമൂഹിക അകലം പാലിക്കാത്തതുമാണ് രോഗം അതിവേഗം പടരാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്. കാര്യമായ രോഗലക്ഷണങ്ങളില്ലാത്തവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇവർക്ക് ശൗചാലയ സൗകര്യമുള്ള പ്രത്യേകമുറി വീട്ടിലുണ്ടായിരിക്കണമെന്നാണ് നിബന്ധന.

എന്നാൽ നഗരത്തിലെ ഒട്ടുമിക്ക വീടുകളിലും ഇത്തരം സൗകര്യങ്ങളില്ല. ഒറ്റമുറിവീടുകളിൽ കുടുംബത്തോടൊപ്പം കഴിയുന്നവരുമുണ്ട്. രോഗി വീട്ടിൽ കഴിയുമ്പോൾ മറ്റ് അംഗങ്ങൾ കടകളിലും ജോലിസ്ഥലത്തും എത്തുന്നുമുണ്ട്. ഇത് ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നതെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സൗകര്യങ്ങളെക്കുറിച്ച് അന്വേഷിക്കാതെയാണ് അധികൃതർ രോഗികളെ വീട്ടിൽ കഴിയാൻ അനുവദിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.

രണ്ടോ മൂന്നോ ദിവസം വീട്ടിൽ കഴിഞ്ഞതിനുശേഷം പുറത്തിറങ്ങുന്ന രോഗികളുമുണ്ട്. ഇവരെ നിരീക്ഷിക്കാൻ കാര്യക്ഷമമായ സംവിധാനം ഇപ്പോഴില്ല. രോഗം ബാധിക്കുന്ന ബഹുഭൂരിപക്ഷം ആളുകൾക്കും കാര്യമായ രോഗലക്ഷണങ്ങളൊന്നുമില്ല. തിരിച്ചറിയപ്പെടാത്ത ഇത്തരം രോഗികൾ കൂടുതൽപേർക്ക് രോഗം ബാധിക്കാനിടയാക്കുന്നതായാണ് കണ്ടെത്തൽ.

രോഗം ബാധിച്ചവർ കഴിയുന്ന വീടുകളെക്കുറിച്ച് മറ്റുള്ളവർക്ക് അറിവില്ലാത്തതും സ്ഥിതി രൂക്ഷമാക്കുകയാണ്. ജനങ്ങൾ വീട് നിശ്ചിത ഇടവേളകളിൽ അണുവിമുക്തമാക്കാൻ തയ്യാറാകണമെന്നും, കുടുംബാംഗങ്ങളിൽനിന്ന് കുടുംബാംഗങ്ങളിലേക്ക് കോവിഡ് വ്യാപിക്കുന്ന സാഹചര്യം വർധിച്ചതോടെ വീട്ടിനുള്ളിലും ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us