ഹാഥ്റസ്: പ്രിയങ്ക ഗാന്ധിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ് അമ്മ; പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട്

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ കൂട്ടബാലത്സംഗത്തിനിരയായി മരിച്ച പെണ്‍ക്കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. കൊല്ലപ്പെട്ട ദളിത്‌ പെണ്‍ക്കുട്ടിയുടെ ഗ്രാമത്തിലെത്തിയ ഇരുവരും കുടുംബാംഗങ്ങളുമായി സംസാരിച്ചു.

കിലോമീറ്ററുകള്‍ താണ്ടി വീട്ടിലെത്തിയ പ്രിയങ്ക ഗാന്ധിയെ കെട്ടിപ്പിടിച്ച് ആ അമ്മ പൊട്ടിക്കരഞ്ഞു. മകള്‍ മരിച്ച ദിവസം മുതലനുഭവിക്കുന്ന യാതനകള്‍ ഓരോന്നായി പങ്കുവച്ചു. എല്ലാം കേട്ട് രാഹുലും കോണ്‍ഗ്രസ് നേതാക്കളും ഒപ്പമിരുന്നു.

ശനിയാഴ്ച രാത്രി ഏഴരയോടെയാണ് പ്രിയങ്കയുടെയും രാഹുലിന്റെയും നേതൃത്വത്തില്‍ അഞ്ചംഗ കോണ്‍ഗ്രസ് സംഘം ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, രാജ്യസഭ പ്രതിപക്ഷ നേതാവ് മുകുള്‍ വാസ്‌നിക്, ലോക്‌സഭ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി എന്നീ നേതാക്കളും സംഘത്തിലുണ്ടായിരുന്നു.

ഒരു ശക്തിക്കും തങ്ങളെ നിശബ്ദരാക്കാന്‍ സാധിക്കില്ലെന്ന് കുടുംബത്തെ സന്ദര്‍ശിച്ച ശേഷം രാഹുല്‍ ഗാന്ധി മാധ്യമങ്ങളോട് പറഞ്ഞു. പെണ്‍കുട്ടിക്ക് നീതി ലഭിക്കുംവരെ കോണ്‍ഗ്രസ് സമര രംഗത്തുണ്ടായിരിക്കുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.

മകളെ അവസാനമായി കാണാന്‍ കൂടി കുടുംബത്തിന് സാധിച്ചില്ല. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്റെ ഉത്തരവാദിത്തങ്ങള്‍ എന്താണെന്ന് മനസ്സിലാക്കണം.

മകളുടെ ശരീരം അവസാനമായി കാണിക്കാതെ ദഹിപ്പിച്ച ജില്ലാ കലക്ടറെ മാറ്റണമെന്നും ജിഡീഷ്യല്‍ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടതായി പ്രിയങ്ക കൂട്ടിച്ചേര്‍ത്തു. കുടുംബത്തിന് സുരക്ഷ ആവശ്യമാണെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.

നാടകീയ രംഗങ്ങള്‍ക്ക് ഒടുവിലാണ് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ രണ്ടാമത്തെ ശ്രമം വിജയത്തിലെത്തിയത്. വ്യാഴാഴ്ച ഹാഥ്‌രസിലേക്ക് പോകാനെത്തിയ രാഹുലിനെയും പ്രിയങ്കയെയും യുപി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. എന്നാല്‍ ശനിയാഴ്ച ഉച്ചയോടെ നേതാക്കള്‍ വീണ്ടും ഉത്തര്‍പ്രദേശിലെത്തി.

കനത്ത പൊലീസ് സന്നാഹത്തെയാണ് രാഹുലിന്റെയും പ്രിയങ്കയുടെയും വരവിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ്-ഡല്‍ഹി അതിര്‍ത്തിയായ നോയിഡയില്‍ പൊലീസ് വിന്യസിച്ചിരുന്നത്. കോണ്‍ഗ്രസ് എംപിമാരും ആയിരക്കണക്കിന് പ്രവര്‍ത്തകരും രാഹുലിന്റെ സംഘത്തിലുണ്ടായിരുന്നു.

എന്നാല്‍ പൊലീസ് സംഘത്തെ കടത്തിവിടാന്‍ വിസമ്മതിച്ചു. തുടര്‍ന്ന നോയിഡ എസിപിയുടെ നേതൃത്തില്‍ നടന്ന ചര്‍ച്ചയില്‍ അഞ്ച് പേര്‍ക്ക് ഹാഥ്‌രസിലേക്ക് പോകാനുള്ള അനുമതി നല്‍കുകയായിരുന്നു.

പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതായി മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട്

പ്രാഥമിക പരിശോധനയില്‍ പ്രതികള്‍ ബലംപ്രയോഗിച്ച് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായും അലിഗഡ് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ലൈംഗിക പീഡനവിവരം പെണ്‍കുട്ടി ഡോക്ടര്‍മാരെ അറിയിക്കുന്നത് എട്ട് ദിവസത്തിന് ശേഷമാണ്. അബോധവാസ്ഥയിലായതിനെ തുടര്‍ന്നാണ് പെണ്‍കുട്ടിക്ക് ഈ വിവരം അറിയിക്കാന്‍ കഴിയാതിരുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് സൂചന. ഇതിന്റെ ഭാഗമായിട്ടാകാം പ്രതികള്‍ പ്രതിരോധമാര്‍ഗങ്ങള്‍ എന്ന രീതിയില്‍ ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിച്ചതായാണ് സൂചന.

ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലോ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലോ യുവതിയുടെ ശരീരത്തില്‍ ബീജത്തിന്റെ അംശം കണ്ടെത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന യുവതി ബലാത്സംഗത്തിനിരയായിട്ടില്ലെന്നാണ് യുപി സര്‍ക്കാരും പൊലീസും ആവര്‍ത്തിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ടിന് തീര്‍ത്തും വിരുദ്ധമാണ് മെഡിക്കോ ലീഗല്‍ റിപ്പോര്‍ട്ട്.

ബലാത്സംഗത്തിന് ഇരയായി പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഫോറന്‍സിക് ലാബിലേക്ക് സാംപിളുകള്‍ അയച്ചത്. സാംപിളുകള്‍ അയക്കാന്‍ വൈകിയതിനാല്‍ നിര്‍ണായകമായ തെളിവുകള്‍ നഷ്ടടപ്പെട്ടിട്ടുണ്ടായേക്കാമെന്ന വിലയിരുത്തലും ഡോക്ടര്‍മാര്‍ പങ്കുവയ്ക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us