ബെംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചിത്രമേളയ്ക്ക് ( ബി.ഐ.എസ്.എഫ്.എഫ്.) സൈറ്റിൽ https://www.bisff.in രജിസ്റ്റർ ചെയ്ത് ഓൺലൈനായി മേളയിൽ പങ്കെടുക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ചലച്ചിത്രമേള വ്യാഴാഴ്ചയാണ് തുടങ്ങുന്നത്.
കോവിഡ് വ്യാപന സാഹചര്യത്തിൽ ഇത്തവണ ഓൺലൈനിലാണ് ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്. പൂർണമായും സൗജന്യമായാണ് രജിസ്ട്രേഷൻ. പ്രമുഖ സംവിധായകൻ റുബൻ ഓസ്റ്റ്ലുൻഡ് ഓൺലൈനിലൂടെ മേള ഉദ്ഘാടനം ചെയ്യും. സംവിധായകരും സാങ്കേതിക പ്രവർത്തകരും പങ്കെടുക്കുന്ന വെബിനാറുകളും മേളയോടനുബന്ധിച്ച് സംഘടിപ്പിക്കും.
ഇന്ത്യൻ മത്സരവിഭാഗം, കർണാടക മത്സരവിഭാഗം, അന്താരാഷ്ട്ര മത്സരവിഭാഗം, അനിമേഷൻ മത്സരവിഭാഗം എന്നിങ്ങനെ നാലു മത്സരവിഭാഗങ്ങളാണ് മേളയിലുള്ളത്.
ആദ്യദിനം ഫ്രാൻസ്, യു.എസ്., റഷ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഹ്രസ്വചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഏഴുമിനിറ്റുമുതൽ അരമണിക്കൂർ വരെ ദൈർഘ്യമുള്ള ചിത്രങ്ങൾ ഇക്കൂട്ടത്തിൽ ഉൾപ്പെടും.
മത്സര വിഭാഗങ്ങളെക്കൂടാതെ പ്രത്യേക പ്രദർശനവിഭാഗവുമുണ്ടാകും. ദ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസാണ് മേള സംഘടിപ്പിക്കുന്നത്. കന്നഡ ഹ്രസ്വചിത്രങ്ങളായ ഇരഹളു, നിത്യ, ധാര തുടങ്ങിയവയും മേളയിൽ പ്രദർശിപ്പിക്കുമെന്ന് സംഘാടകൾ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.