ക്വാറൻ്റീനിൽ കഴിയണമെന്ന വ്യവസ്ഥ തനിക്ക് ബാധകമല്ല:കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ.

ബെംഗളൂരു: വിമാനമാർഗം കർണാടകത്തിൽ എത്തുന്നവർ ഏഴ് ദിവസം ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനിൽ കഴിയണമെന്ന വ്യവസ്ഥ മന്ത്രി ആയതിനാൽ തനിക്ക് ബാധകമല്ലെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ.

ന്യൂഡൽഹിയിൽനിന്ന് വിമാനമാർഗം ബെംഗളൂരുവിലെത്തിയ അദ്ദേഹം മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്.

വിമാനത്താവളത്തിൽ എത്തിയ അദ്ദേഹം സ്വകാര്യ കാറിൽ വീട്ടിലേക്ക് പോയി.

അദ്ദേഹത്തിന്റെ കോവിഡ് 19 പരിശോധനാ ഫലം നെഗറ്റീവാണെന്നും അതിനാൽ കേന്ദ്രമന്ത്രി ഹോം ക്വാറന്റീനിൽ കഴിയുമെന്നും സദാനന്ദ ഗൗഡയുടെ സഹായി മാധ്യമങ്ങളെ അറിയിച്ചു.

പിന്നീട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് കേന്ദ്രമന്ത്രിയായ തനിക്ക് ക്വാറന്റീൻ നിബന്ധനകൾ ബാധകമല്ലെന്ന് കർണാടക മുൻ മുഖ്യമന്ത്രി കൂടിയായ അദ്ദേഹം വ്യക്തമാക്കിയത്.

ക്വാറന്റീൻ നിബന്ധനകൾ രാജ്യത്തെ എല്ലാ പൗരന്മാർക്കും ഒരുപോലെ ബാധകമാണ്. എന്നാൽ ചിലർക്ക് ഇളവുകളുണ്ട്. മന്ത്രിയെന്ന നിലയിൽ തന്നെ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ നിബന്ധനകളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനാൽ ക്വാറന്റീനിൽ പോകാത്തത് ഒരു പ്രശ്നമല്ല.

കേന്ദ്ര സർക്കാരിന്റെ ആരോഗ്യസേതു ആപ്പ് ഞാൻ ഡൗൺലോഡ് ചെയ്തിട്ടുമുണ്ട്- സദാനന്ദ ഗൗഡ പറഞ്ഞു.

ഫാർമസ്യൂട്ടിക്കൽ വകുപ്പിന്റെ തലവനെന്ന നിലയിൽ രാജ്യത്ത് മരുന്നുക്ഷാമം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തേണ്ട ചുമതല തനിക്കാണ്.

മരുന്നുക്ഷാമം ഉണ്ടായാൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം ഇരട്ടിയാകും. കോവിഡ് 19 നെതിരെ മുന്നിൽനിന്ന് പോരാടുന്ന ഡോക്ടർമാരുടെ കാര്യം ആലോചിച്ചു നോക്കൂ. അവരെ ആരെങ്കിലും ക്വാറന്റീൻ ചെയ്യുന്നുണ്ടോ? അതുപോലെതന്നെ രാജ്യം മുഴുവൻ മരുന്നെത്തിക്കേണ്ട ചുമതല തനിക്കാണ്. മരുന്നെത്തിക്കുന്നവരെ ക്വാറന്റൈൻ ചെയ്താൻ കോറോണ വൈറസിനെതിരായ പോരാട്ടം നാം എങ്ങനെ നടത്തുമെന്നും കേന്ദ്രമന്ത്രി ചോദിച്ചു.

ആഭ്യന്തര വിമാനങ്ങളിൽ കർണാടകത്തിൽ എത്തുന്നവർക്ക് ഏഴ് ദിവസത്തെ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റീനും ഏഴ് ദിവസത്തെ ഹോം ക്വാറന്റീനുമാണ് സംസ്ഥാന സർക്കാർ നിർദ്ദേശിച്ചിട്ടുള്ളത്.

ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട് തുടങ്ങിയ തീവ്ര രോഗബാധിത സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർക്ക് ക്വാറന്റീൻ നിർബന്ധമാണ്.

ബിസിനസ് ആവശ്യങ്ങൾക്കായി ഹ്രസ്വസന്ദർശനത്തിന് എത്തുന്നവർ അടക്കമുള്ളവരെ ക്വാറന്റീൻ നിബന്ധനകളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പരിശോധനാഫലം നെഗറ്റീവാണെന്ന സർട്ടിഫിക്കറ്റ് കൈവശമുള്ളവരെയും ക്വാറന്റീനിൽനിന്ന് ഒഴിവാക്കാമെന്ന് നിബന്ധനയിലുണ്ട്.

എന്നാൽ മന്ത്രിമാർക്ക് പ്രത്യേക ഇളവുകൾ എന്തെങ്കിലുമുണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us