തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളിൽ ലോക്ക്ഡൗണിൽ പെട്ട് പ്രയാസമനുഭവിക്കുന്ന മലയാളികളെ തിരികെ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കേരളത്തിന് വെളിയിൽ കഷ്ടപ്പെടുന്ന മലയാളികളെ തിരികെ കൊണ്ടുവരാനുള്ള നടപടികൾക്ക് വേഗത കൂട്ടണമെന്നും ട്രെയിൻ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ചെന്നിത്തല ആവശ്യപ്പെട്ടു.
മലയാളികളെ തിരികെയെത്തിക്കാനായി കെ.എസ്.ആർ.ടി.സി. ബസുകൾ ഉപയോഗപ്പെടുത്തുന്നതിനെപ്പറ്റി സർക്കാർ വീണ്ടും ആലോചിക്കണം. ബാംഗ്ലൂരിലേക്കും ഹൈദരാബാദിലേക്കുമെല്ലാം കെ.എസ്.ആർ.ടി.സി. ബസുകൾ അയച്ചാൽ മലയാളികളെ നാട്ടിലെത്തിക്കാനാകും. ഗുരുതരമായ ഈ സാഹചര്യത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.
മറ്റ് സംസ്ഥാനങ്ങൾ ഇരുന്നൂറും മുന്നൂറും ബസുകൾ ഓടിച്ച് അവരുടെ ആളുകളെ മാതൃസംസ്ഥാനങ്ങളിലേക്ക് എത്തിക്കുമ്പോൾ കേരളത്തിലെ ഒരു കെ.എസ്.ആർ.ടി.സി. ബസ് പോലും ഇത്തരത്തിൽ ഉപയോഗിക്കില്ല എന്ന മുഖ്യമന്ത്രിയുടെ വാശി നല്ലതല്ല.
മലയാളികൾക്ക് കേരളത്തിലേക്ക് മടങ്ങിവരാനുള്ള സൗകര്യം ഒരുക്കണം. അടിയന്തരമായി പാസ്സുകളുടെ വിതരണം പുനരാരംഭിക്കണം. ആവശ്യപ്പെടുന്നവർക്കെല്ലാം പാസ്സുകൾ നൽകണം.
മലയാളികളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഇനിയെങ്കിലും വ്യക്തമായ ധാരണകൾ ഉണ്ടാകണം – ചെന്നിത്തല ആവശ്യപ്പെട്ടു.
നൂറുകണക്കിന് ആളുകൾ അതിർത്തികളിൽ വന്ന് കാത്തുകിടക്കുകയാണെന്നും തീരുമാനമെടുക്കാനുള്ള ഉദ്യോഗസ്ഥരെ ആരെയും അതിർത്തികളിൽ കാണാനില്ലെന്നും ചെന്നിത്തല ആരോപിച്ചു.
ബന്ധപ്പെട്ട ഒരു മന്ത്രി പോലും അതിർത്തികൾ സന്ദർശിച്ചിട്ടില്ല. ബന്ധപ്പെട്ടവരാരും ഇല്ലാത്തതുകൊണ്ട് തന്നെ അതിർത്തികളിൽ ഓരോ ദിവസവും തീരുമാനങ്ങൾ മാറിക്കൊണ്ടിരിക്കുകയും പുതിയ ആശയക്കുഴപ്പങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.