ബെംഗളുരു: കൊവിഡിന്റെ
പശ്ചാത്തലത്തിൽ അടച്ച കേരള
കർണാടക അതിർത്തികൾ
തുറക്കില്ലെന്നതിൽ ഉറച്ച് കർണാടക.
മംഗളൂരുവിലേക്ക് കേരളത്തിൽ നിന്ന്
ആംബുലൻസ് ഉൾപ്പെടെ ഒരു വാഹനവും
കടത്തിവിടില്ലെന്ന് കർണാടക അറിയിച്ചു.
ദക്ഷിണ കന്നഡ ജില്ലയിൽ സമ്പൂർണ്
ലോക്ക് ഡൗൺ തുടരുകയാണ്.
കേരളത്തിലേക്ക് കുടക് വഴിയുള്ള
പാതകൾ കർണാടക അടച്ചതോടെ
ചരക്ക് നീക്കം പൂർണമായി സ്തംഭിച്ചു.
മുഖ്യമന്ത്രി അഭ്യർത്ഥിച്ചിട്ടും മാക്കൂട്ടത്ത്
റോഡിലിട്ട മണ്ണ് നീക്കം ചെയ്തില്ല. മണ്ണ്
നീക്കിയാൽ റോഡ് ഉപരോധ സമരം
തുടങ്ങുമെന്ന നിലപാടിലാണ് കുടകിൽ
നിന്നുള്ള ജനപ്രതിനിധികൾ.
വിഷയത്തിൽ കേരള ചീഫ് സെക്രട്ടറി
കർണാടക ചീഫ് സെക്രട്ടറിയുമായി
നിരവധി തവണ ബന്ധപ്പെട്ടതായി
മുഖ്യമന്ത്രി ഇന്നത്തെ വാർത്താസമ്മേളനത്തിൽ
അറിയിച്ചിരുന്നു.
റോഡ് ഗതാഗതം
തടസ്സപ്പെടുത്തിയത് നീക്കാമെന്ന്
കർണാടക സമ്മതിച്ചതായും എന്നാൽ
ഇതുവരെ റോഡുകൾ
ഗതാഗതയോഗ്യമാക്കിയില്ലെന്നും
മുഖ്യമന്ത്രി ഇന്ന് വിശദീകരിച്ചിരുന്നു.
കണ്ണൂർ എസ്പി യതീഷ് ചന്ദ്ര ചർച്ച
നടത്തുന്നതിനിടെയാണ് നാടകീയമായി
ജെസിബി ഉപയോഗിച്ച് കൂട്ടുപുഴയിലെ
അതിർത്തി റോഡ് ഒരാൾ പൊക്കത്തിൽ
മണ്ണിട്ടടച്ചത്.
കർണാടകം അതിർത്തി
കടക്കാൻ പാസ് നൽകിയ 80 പച്ചക്കറി
ലോറികളെ പോലും
കടത്തിവിടാതെയായിരുന്നു നീക്കം.
കേരളത്തിൽ കൊവിഡ് രോഗബാധിതർ
കൂടുന്നത് കൊണ്ട് വഴി അടച്ചില്ലെകിൽ
കുടകിൽ രോഗം പകരുമെന്ന വാദമാണ്
അവിടെയുള്ള ജനപ്രതിനിധികൾ
ഉന്നയിക്കുന്നത്.
കേരളത്തിന്റെ
സമ്മർദ്ദത്തിന് വഴങ്ങി റോഡ് തുറന്നാൽ
സമരം തുടങ്ങുമെന്ന് കുടക് മൈസൂരു
എംപി പ്രതാപ് സിംഹ കർണ്ണാടക
മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയെ
അറിയിച്ചു.
കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം കൂടുകയും കഴിഞ്ഞ ദിവസം കേരളം സന്ദർശിച്ച ഒരു കുടുംബത്തിന് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തതോടെ കർണാടകയിലെ അതിർത്തിയിലെ ജനങ്ങൾ ഭീതിയിലാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.