കർണാടകയുമായി അതിർത്തി പങ്കിടുന്ന പാതകൾ അടച്ചതിനാൽ കേരളത്തിൽ പച്ചക്കറി വില ഉയർന്നേക്കും.

ബെംഗളൂരു : കൊറോണവ്യാപനം തടയാൻ പ്രഖ്യാപിച്ച അടച്ചുപൂട്ടലിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ കർണാടകത്തിൽനിന്നു കേരളത്തിലേക്കുള്ള പച്ചക്കറിനീക്കം നാമമാത്രമായി.

ഇത് വരുംദിവസങ്ങളിൽ കേരളത്തിൽ പച്ചക്കറിവില കുതിച്ചുയരാൻ ഇടവരുത്തും.

കേരളത്തിലേക്ക് കൂടുതൽ പച്ചക്കറി കയറ്റിപ്പോകുന്ന മൈസൂരുവിലും ഗുണ്ടൽപേട്ടിലും ചരക്കുനീക്കം നാലിനൊന്നായി ചുരുങ്ങിയെന്ന് കച്ചവടക്കാർ പറയുന്നു.

മൈസൂരുവിൽ ബന്ദിപ്പാളയത്തെ പച്ചക്കറിച്ചന്തയിൽനിന്നാണ് കേരളത്തിലേക്ക് പച്ചക്കറികൾ കയറ്റിപ്പോകുന്നത്.

ഈ ചന്ത അടച്ചിട്ടിരിക്കുകയാണ്. മൈസൂരു നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ചെറിയ പച്ചക്കറിച്ചന്തകൾ പ്രവർത്തിക്കുന്നുണ്ട്.

ബന്ദിപ്പാളയത്തുനിന്ന് ഒട്ടേറെ ലോറികളിലും ചെറു ചരക്കുവാഹനങ്ങളിലുമായി പച്ചക്കറി കയറ്റിപ്പോകാറുള്ളതാണ്. ഇപ്പോൾ ഒറ്റലോറിപോലും പച്ചക്കറികയറ്റാൻ മൈസൂരുവിലേക്ക് വരുന്നില്ല.

ചെറുവാഹനങ്ങളിൽ വളരെക്കുറച്ച് പച്ചക്കറിമാത്രമാണ് കയറ്റിക്കൊണ്ടുപോകുന്നത്. കേരളത്തിലെ കച്ചവടക്കാർ ആവശ്യപ്പെടുന്നതനുസരിച്ച് കർണാടകയിലെ കച്ചവട ഇടനിലക്കാർ ഇവിടെനിന്നുള്ള വാഹനങ്ങളിൽ പച്ചക്കറി എത്തിച്ചുനൽകി തിരിച്ചുവരുകയാണ്.

കേരളത്തിലെ കച്ചവടക്കാരുടെ വാഹനങ്ങളൊന്നും ഇങ്ങോട്ടെത്തുന്നില്ല. വാഹനങ്ങളെ സംസ്ഥാന അതിർത്തിയിൽ തടയുന്നതാണ് പ്രശ്നം.

ഗുണ്ടൽപേട്ടിൽനിന്ന് വളരെക്കുറച്ച് പച്ചക്കറിലോറികൾമാത്രം കേരളത്തിലേക്ക് പോകുന്നുണ്ട്. കേരളത്തിൽനിന്നുള്ള പച്ചക്കറിലോറികൾ പ്രത്യേക പാസ് പ്രകാരം കടത്തിവിടുന്നുണ്ട്. ഇത് സ്വന്തമാക്കുന്ന ലോറികൾക്കുമാത്രമാണ് കർണാടകത്തിലേക്ക് പ്രവേശിക്കാൻ കഴിയുക.

കേരളത്തിലെ കച്ചവടക്കാരാണെന്നു സാക്ഷ്യപ്പെടുത്തി തഹസിൽദാർ നൽകുന്ന പാസ് കാണിച്ചാണ് ലോറികൾ കൊണ്ടുവരുന്നതെന്ന് ഗുണ്ടൽപേട്ടിൽനിന്നു പച്ചക്കറികൾ കേരളത്തിലേക്ക് കയറ്റിയയക്കുന്ന  മലയാളികൾ പറയുന്നു.

പച്ചക്കറികൾ നാമമാത്രമായി കയറ്റിപ്പോകുന്നുണ്ടെങ്കിലും ഗുണ്ടൽപേട്ടിലും ചന്ത ഏതാനുംദിവസമായി അടച്ചിട്ടിരിക്കുകയാണ്.

ഇവിടെയെത്തുന്ന പച്ചക്കറികൾ വാഹനത്തിൽ കയറ്റിവിടുകയാണു ചെയ്യുന്നതെന്ന് കച്ചവടക്കാർ പറഞ്ഞു. എല്ലാ ഇനം പച്ചക്കറികളും ലഭ്യമാകുന്നുമില്ല.

വഴുതിന, ബീൻസ് എന്നിവയാണ് കിട്ടാത്തത്. കേരളത്തിലേക്കുള്ള പച്ചക്കറിനീക്കം മുടങ്ങിയത് കർണാടകത്തിലെ കർഷകർക്ക് തിരിച്ചടിയാകും.

വാങ്ങാൻ ആളില്ലാതെവരുന്നതോടെ വിളവെടുക്കാൻപോലും കഴിയാത്ത അവസ്ഥയിലാകും. പച്ചക്കറികൾ കൃഷിയിടത്തിൽത്തന്നെ കിടന്ന് നശിക്കാൻ ഇതിടയാക്കുമോയെന്ന് ആശങ്കയുയർന്നിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us