അമ്മയെ വകവരുത്തിയത് കടബാദ്ധ്യതകളിൽ നിന്ന് രക്ഷിക്കാൻ;വിചിത്ര വാദമുയർത്തി അമൃത;ആത്മഹത്യ ചെയ്യാനാഗ്രഹിച്ച ആൾ രണ്ട് ദിവസം മുൻപ് തന്നെ വിമാന ടിക്കറ്റ് ബുക്ക് ചെയ്തത് എന്തിനെന്ന ചോദ്യത്തിന് ഉത്തരമില്ല;മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച് യുവതി.

ബെംഗളൂരു: അമ്മയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആൻഡമാനിലേക്ക് കടന്ന വനിതാ ടെക്കിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു.

ആൻഡമാനിലെ പോർട്ട് ബ്ലെയറിൽനിന്ന് കാമുകനൊപ്പം പിടികൂടിയ അമൃതയെ ബുധനാഴ്ച രാത്രിയോടെ ബെംഗളൂരുവിലെത്തിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് കാര്യങ്ങൾ ചോദിച്ചറിഞ്ഞത്.

പോലീസ് സ്റ്റേഷനിലെത്തിച്ച അമൃത പലതവണ തല ചുമരിലിടിച്ച് നിലവിളിച്ചത് പോലീസുകാരെ ഭയപ്പെടുത്തി. ഇതോടെ മനഃശാസ്ത്ര വിദഗ്ധരുടെ കൗൺസിലിങ് ഏർപ്പെടുത്തി.

അമ്മയെ അത്രയേറെ സ്നേഹിച്ചിരുന്നതിനാലാണ് അവരെ കൊലപ്പെടുത്തിയതെന്നായിരുന്നു അമൃത പോലീസിനോടും മനഃശാസ്ത്ര വിദഗ്ധരോടും പറഞ്ഞത്.

ബാങ്കുകാരും കടക്കാരും അവരെ ഉപദ്രവിക്കുന്നത് കാണാൻ ഒരിക്കലും താൻ ഇഷ്ടപ്പെട്ടിരുന്നില്ല. അ

അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്നും അമൃത വെളിപ്പെടുത്തി. എന്നാൽ ആത്മഹത്യ ചെയ്യാൻ ഉദ്ദേശിച്ചിരുന്ന യുവതി എന്തിനാണ് കാമുകനൊപ്പം ആൻഡമാനിലേക്ക് കടന്നതെന്ന ചോദ്യം ബാക്കിയുണ്ട്.

പോലീസും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.

അമ്മയെ കൊലപ്പെടുത്തിയതിന് ശേഷം യുവതി ഒന്ന് കരയുകയോ ഉറങ്ങുകയോ ചെയ്തിട്ടില്ലെന്നും പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഏകദേശം 15 ലക്ഷത്തോളം രൂപയുടെ കടബാധ്യതയാണ് അമൃതയ്ക്കുണ്ടായിരുന്നത്. വിവിധ ബാങ്കുകളിൽനിന്നും പണമിടപാടുകാരിൽനിന്നുമായാണ് ഇത്രയധികം തുക വായ്പ എടുത്തിരുന്നത്. നേരത്തെ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലിചെയ്തിരുന്ന അമൃതയ്ക്ക് 2017 ൽ ആ ജോലി നഷ്ടമായി.

ഇതോടെയാണ് വായ്പ തിരിച്ചടവ് മുടങ്ങുകയും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും ചെയ്തത്.

തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകാരും പണമിടപാടുകാരും പതിവായി വീട്ടിലെത്തിയിരുന്നു. ഇതിനെചൊല്ലി അമൃതയും അമ്മയും തമ്മിൽ വഴക്കിടുകയും ചെയ്തു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ആത്മഹത്യ ചെയ്യാനാണ് നേരത്തെ ഉദ്ദേശിച്ചിരുന്നതെങ്കിലും താൻ മരിച്ചാൽ അമ്മയും സഹോദരനും ഈ ബാധ്യതകൾ ഏറ്റെടുക്കേണ്ടിവരുമെന്ന് ഇന്റർനെറ്റിൽ നടത്തിയ തിരച്ചിലിൽ മനസിലാക്കിയിരുന്നു.

ഇതോടെയാണ് ഇരുവരെയും കൊലപ്പെടുത്താൻ തീരുമാനിച്ചുറപ്പിച്ചത്. കൃത്യം നടത്തിയ ശേഷം നാടുവിടുകയോ ജീവനൊടുക്കുകയോ ചെയ്യാമെന്നും തീരുമാനിച്ചു.

ഫെബ്രുവരി രണ്ടിന് പുലർച്ചെയാണ് അമൃത അമ്മയെ കുത്തിക്കൊന്നത്. ശേഷം സഹോദരനെ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതിനു പിന്നാലെ കാമുകനായ ശ്രീധർ റാവുവിനൊപ്പം ബെംഗളൂരു വിമാനത്താവളത്തിലെത്തി.

അവിടെനിന്ന് ആൻഡമാനിലേക്കും. എന്നാൽ കൃത്യം നടന്നതിന്റെ രണ്ടു ദിവസം മുമ്പ് തന്നെ അമൃത വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, യാത്രയ്ക്കിടെ ഒരു മൊബൈൽ ഫോൺ ഉപേക്ഷിക്കുകയും ചെയ്തു. ഇതെല്ലാം കൂടുതൽ സംശയം ജനിപ്പിക്കുന്നതാണ്. അതിനാൽതന്നെ യുവതിയുടെ മൊഴികൾ പോലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല.

മൂന്നുവർഷത്തോളം അമൃതയുടെ സഹപ്രവർത്തകനായിരുന്നു ശ്രീധർ റാവു. ഇയാൾ നിരപരാധിയാണെന്നും കേസിൽനിന്ന് ഒഴിവാക്കണമെന്നും ശ്രീധറിന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം കോടതിയിൽ വാദിച്ചിരുന്നു, പക്ഷേ, അമൃതയ്ക്ക് വേണ്ടി ആരും കോടതിയിൽ ഹാജരായില്ല. ഇവരുടെ ബന്ധുക്കളും കോടതിയിൽ എത്തിയിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us