ബെംഗളൂരു: ബെംഗളൂരു മലയാളികളുടെ യാത്രാപ്രശ്നം പരിഹരിക്കാൻ കർണാടകം മുന്നോട്ടുവെച്ച നിർദേശങ്ങൾക്ക് കേരളം അനുകൂലനിലപാടെടുക്കുന്നു.
ഉത്സവകാലങ്ങളിൽ ഇരു ആർ.ടി.സി.കളും ഇരുന്നൂറ്റമ്പതോളം അധിക സർവീസ് നടത്താമെന്നും രണ്ടു സംസ്ഥാനങ്ങളിലുമായി കൂടുതൽ റൂട്ടുകളിൽ സർവീസ് നടത്താമെന്നുമായിരുന്നു കർണാടകം നിർദേശിച്ചിരുന്നത്.
രണ്ടുവർഷം മുമ്പ് ഇതുസംബന്ധിച്ച കരാറിൽ ഇരുസംസ്ഥാനങ്ങളും ഒപ്പുവെക്കുകയും ചെയ്തിരുന്നു. എന്നാൽ കേരളത്തിന്റെ ഭാഗത്തുനിന്ന് തുടർനടപടികളുണ്ടായിരുന്നില്ല. കഴിഞ്ഞദിവസം കർണാടക ആർ.ടി.സി. എം.ഡി. ശിവയോഗി സി. കലസദ് തിരുവനന്തപുരത്തെത്തി മന്ത്രി എ.കെ. ശശീന്ദ്രനുമായി ചർച്ച നടത്തിയപ്പോഴാണ് അനുകൂലനിലപാട് സ്വീകരിച്ചത്.
നിർദേശങ്ങൾ നടപ്പാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കേരളത്തിന്റെ ഭാഗത്തുനിന്ന് അനുകൂല മറുപടി ലഭിച്ചതിനാൽ തുടർനടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേരള ആർ.ടി.സി. എം.ഡി.ക്കും പ്രിൻസിപ്പൽ സെക്രട്ടറിക്കും കർണാടക ആർ.ടി.സി. എം.ഡി. കത്തയച്ചു.
2017 ജൂലായിൽ നടന്ന ദക്ഷിണേന്ത്യൻ ഗതാഗതമന്ത്രിമാരുടെയും ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലായിരുന്നു ഇരുസംസ്ഥാനങ്ങളും തമ്മിൽ കരാറൊപ്പിട്ടത്.
കേരള ആർ.ടി.സി.ക്ക് കർണാടകത്തിൽ പുതിയ ഏഴു റൂട്ടുകളിലായി 4420 കിലോമീറ്ററും കർണാടക ആർ.ടി.സി.ക്ക് കേരളത്തിൽ അഞ്ച് റൂട്ടുകളിലായി 4314 കിലോമീറ്ററും സർവീസ് നടത്താമെന്നുമായിരുന്നു പ്രധാനനിർദേശങ്ങൾ.
കർണാടക ആർ.ടി.സി.ക്ക് ബെംഗളൂരു – പത്തനംതിട്ട, കുന്ദാപുര – തിരുവനന്തപുരം, കുന്ദാപുര – കോട്ടയം, മണിപ്പാൽ – എറണാകുളം, കൊല്ലൂർ-ഗുരുവായൂർ എന്നീ റൂട്ടുകളിൽ സർവീസ് നടത്താമെന്നായിരുന്നു ധാരണ.
കരാർ നടപ്പാക്കിയാൽ കേരള ആർ.ടി.സി.ക്ക് സാമ്പത്തികലാഭമുണ്ടാകുന്നതോടൊപ്പം ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്കും തിരിച്ചും യാത്രചെയ്യുന്ന ആയിരക്കണക്കിന് മലയാളികൾക്ക് ആശ്വാസവുമാകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.