ബെംഗളൂരു : “ഹിന്ദുത്വത്തിൽ അധിഷ്ഠിതമായ ദേശസ്നേഹത്തിന്റെയും ജിംഗോയിസത്തിന്റെയും ഭ്രാന്തമായ പ്രകടനങ്ങൾ ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ സ്ഥാപകതത്വങ്ങൾക്ക് വിരുദ്ധമാണ് “, പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്രഗുഹ അഭിപ്രായപ്പെട്ടു. ഡിസം 18ന് ഇന്ദിരാ നഗർ ECAയിൽ “സിവിൽ ലിബേർട്ടീസ് കളക്ടിവ്” സംഘടിപ്പിച്ച ചർച്ചയിൽ ” ബഹുസ്വരത : ഇന്ത്യയിലെ ഭൂതകാലവും വർത്തമാനവും ഭാവിയും” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു മതം, ഒരു ഭാഷ, ഒരു പൊതുശത്രുവെന്നത് അടിസ്ഥാനപ്പെടുത്തി പത്തൊമ്പതാം നൂറ്റാണ്ടിൽ രൂപംകൊണ്ട യൂറോപ്യൻ രാജ്യങ്ങളിൽ നിന്നു വിപരീതമായി അനേകത്വത്തിലാണ് ഇന്ത്യയുടെ അടിത്തറ. ബഹുസ്വരത, അഹിംസ, സാമൂഹിക സമത്വം, സ്വാശ്രയത്വം എന്നിവയായിരുന്നു അതിന്റെ സ്ഥാപക തത്വങ്ങൾ. ഹിന്ദുത്വം ഈ തത്ത്വങ്ങൾ ഇല്ലാതാക്കുകയാണ്, ഗുഹ അഭിപ്രായപ്പെട്ടു.
ഈ രാജ്യത്ത് ഹിന്ദുത്വത്തിന്റെ ഉയർച്ചയ്ക്ക് നാല് കാരണങ്ങളുണ്ട് – കോൺഗ്രസ് പാർട്ടിയുടെ അഴിമതിയും സ്വജനപക്ഷപാതവും, ഇടതുപക്ഷത്തിന്റെ ബൗദ്ധികവും ധാർമ്മികവുമായ കാപട്യം, ഇസ്ലാമിക മതമൗലികവാദം, ലോകമെമ്പാടുമുള്ള വലതുപക്ഷ ഫണ്ടമെന്റലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഉയർച്ച എന്നിവയാണത്.
നമ്മുടെ ഭരണഘടനയുടെയും റിപ്പബ്ലിക്കിന്റെയും സ്ഥാപകതത്വങ്ങൾ ഉയർത്തിപ്പിടിക്കുക എന്നതാണ് ഹിന്ദുത്വത്തിനെതിരെ പോരാടാനുള്ള ഏകമാർഗം.
ഗുഹയെ കൂടാതെ മാധ്യമപ്രവർത്തക ധന്യ രാജേന്ദ്രൻ, ചലച്ചിത്ര-നാടക നടൻ പ്രകാശ് ബാരെ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.അടിസ്ഥാന ഭരണഘടനാമൂല്യങ്ങൾക്കും സ്വാതന്ത്ര്യത്തിനും നേർക്ക് നടക്കുന്ന കടന്നുകയറ്റങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ദർശന, ബെംഗളൂരു കളക്റ്റീവ്, സെക്യുലർ ഫോറം, കെഎംസിസി, എംഎംഎ, കർണാടക പ്രവാസി കോൺഗ്രസ്, കർണാടക മലയാളി കോൺഗ്രസ് തുടങ്ങിയ ഒരു കൂട്ടം പുരോഗമന സംഘടനകളുടെ ഫോറമാണ് “സിവിൽ ലിബർട്ടീസ് കളക്ടീവ്”.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.