ബെംഗളൂരു: എഴുത്തുകാരനും പൊതുപ്രവർത്തകനുമായ ദൊഡിപാളയ നരസിംഹമൂർത്തിയെ റായ്ച്ചൂരിൽ പോലീസ് അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് പുരോഗമനവാദികൾ രംഗത്തെത്തി.
ഗൗരി മീഡിയ ട്രസ്റ്റ് സെക്രട്ടറിയും സ്വരാജ് ഇന്ത്യ ജനറൽ സെക്രട്ടറിയുമായ നരസിംഹമൂർത്തിയുടെ അറസ്റ്റ് ജനാധിപത്യത്തിനെതിരെയുള്ള ആക്രമണമാണെന്ന് പൊതുപ്രവർത്തകർ ആരോപിച്ചു. വിവിധ കേസുകളിലായി നിലവിലുള്ള വാറന്റിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് റായ്ച്ചൂർ പോലീസ് സൂപ്രണ്ട് വേദമൂർത്തി പറഞ്ഞു.
റായ്ച്ചൂരിൽ ‘ബദൽമാധ്യമം’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ നരസിംഹമൂർത്തിയും പങ്കെടുത്തിരുന്നു. ഇതിനിടയിലാണ് പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ നരസിംഹമൂർത്തിയെ നവംബർ ആറുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
മുതിർന്ന മാധ്യമപ്രവർത്തകൻകൂടിയായ നരസിംഹമൂർത്തി കൊല്ലപ്പെട്ട ഗൗരി ലങ്കേഷ് നടത്തിയിരുന്ന ഗൗരി ലങ്കേഷ് പത്രികയിൽ പതിവായി എഴുതിയിരുന്നു. ഗൗരി ലങ്കേഷിന്റെ സ്മരണയ്ക്കായി ആരംഭിച്ച ‘ന്യായപദ’ എന്ന പത്രത്തിന്റെ സ്ഥാപകരിൽ ഒരാളാണ്.
അവകാശസംരക്ഷണപ്പോരാട്ടങ്ങളിൽ സജീവസാന്നിധ്യമായിരുന്നു. സ്വതന്ത്ര്യസമരസേനാനി എച്ച്.എസ്. ദുരൈസ്വാമി, സ്വരാജ് ഇന്ത്യ ദേശീയ അധ്യക്ഷൻ യോഗേന്ദ്രയാദവ്, കർഷകനേതാവ് നഞ്ചുണ്ടസ്വാമി എന്നിവർ നരസിംഹമൂർത്തിയുടെ അറസ്റ്റിനെ അപലപിച്ചു.
അറസ്റ്റിൽ പ്രതിഷേധമറിയിച്ച് പൊതുപ്രവർത്തകർ ഒപ്പിട്ട കത്ത് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെയ്ക്ക് അയച്ചു. സംഭവത്തിൽ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും നരസിംഹ മൂർത്തിയെ കഴിയുന്നതുംവേഗം വിട്ടയയ്ക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.