ബെംഗളൂരു: ബെംഗളൂരു-മൈസൂരു ട്രെയിനിൽ മോഷണശ്രമം എതിർത്ത വിദ്യാർഥിയെ കവർച്ചസംഘം ട്രെയിനിൽനിന്ന് പുറത്തേക്ക് തള്ളിയിട്ടു. മാണ്ഡ്യയിലേക്ക് പോകുകയായിരുന്ന സുമന്ത് കുമാറിനാണ് (23) തീവണ്ടിയിൽ നിന്ന് വീണ് പരിക്കേറ്റത്. മാണ്ഡ്യ സ്വദേശിയായ സുമന്ത് കുമാർ ബെംഗളൂരുവിലെ സുഹൃത്തിനെ സന്ദർശിച്ചശേഷം നാട്ടിലേക്കു മടങ്ങുകയായിരുന്നു.
കെങ്കേരി റെയിൽവേ സ്റ്റേഷനുസമീപമെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. വാതിലിനടുത്ത് മൊബൈലുമായി നിൽക്കുകയായിരുന്നു സുമന്ത് കുമാർ. യുവാക്കളായ മൂന്നുപേർ അടുത്തെത്തി മൊബൈൽ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ശക്തമായി എതിർക്കുകയും ബഹളം വെക്കുകയും ചെയ്തതോടെ സംഘം സുമന്തിനെ തീവണ്ടിക്കു പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ട്രാക്കിനുസമീപം വീണ വിദ്യാർഥി തൊട്ടടുത്ത കെങ്കേരി സ്റ്റേഷനിലെത്തി അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
മുഖത്തും കൈകൾക്കും പരിക്കേറ്റ സുമന്തിനെ പിന്നീട് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലേക്കുമാറ്റി. സംഭവത്തിൽ റെയിൽവേ സംരക്ഷണ സേന ( ആർ.പി.എഫ്.) കേസെടുത്ത് അന്വേഷണം തുടങ്ങി. ഓഗസ്റ്റ് 27-ന് നയന്തനഹള്ളിയിൽ മോഷണശ്രമത്തിനിടെ പട്ടാളക്കാരനെ കവർച്ച സഘം തീവണ്ടിയിൽനിന്ന് പുറത്തേക്കു തള്ളിയിരുന്നു.
പഞ്ചാബിൽനിന്ന് കുടുംബസമേതം ബെംഗളൂരുവിലേക്ക് വരികയായിരുന്ന പട്ടാളക്കാരനാണ് ദുരനുഭവം നേരിടേണ്ടിവന്നത്. ശുചിമുറിയിലേക്ക് പോയ ഇയാളെ ഏറെനേരം കഴിഞ്ഞിട്ടും കാണാതായതോടെ ഭാര്യ അപായച്ചങ്ങല വലിച്ച് തീവണ്ടി നിർത്തിക്കുകയായിരുന്നു. പിന്നീട് നാലുകിലോമീറ്റർ അകലെ അവശനിലയിൽ ട്രാക്കിൽകിടക്കുന്ന നിലയിലാണ് പട്ടാളക്കാരനെ കണ്ടെത്തിയത്. ഈ കേസിലും ഇതുവരെ പ്രതികളെ കണ്ടെത്താനായിട്ടില്ല.
തീവണ്ടി കടന്നുപോകുമ്പോൾ വാതിലിനടുത്തു നിൽക്കുന്നവരുടെ മൊബൈൽ ഫോണുകൾ വടികൊണ്ടടിച്ച് തട്ടിയെടുക്കുന്ന സംഘവും നഗരത്തിലെ വിവിധ ഭാഗങ്ങളിലുണ്ട്. ട്രാക്കുകളിലെ പരിശോധന റെയിൽവേ സുരക്ഷാസേന കർശനമാക്കിയിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.