തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ 2943 വോട്ടുകള്‍ക്ക് തോല്‍പിച്ച് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയും എന്‍സിപി നേതാവുമായ മാണി സി കാപ്പന്‍ പാലാ പിടിച്ചെടുത്തു.
വോട്ടെണ്ണല്‍ ആരംഭിച്ച ശേഷം ഒരു ഘട്ടത്തിലും എതിരാളിക്ക് ലീഡ് വിട്ടു കൊടുക്കാതെയാണ് മാണി സി കാപ്പന്‍ പാലായില്‍ ജയിച്ചു കയറിയത്. യുഡിഎഫ് ശക്തികേന്ദ്രമായ രാമപുരത്തടക്കം ലീഡ് പിടിച്ച മാണി സി കാപ്പന് യുഡിഎഫിലെ ആഭ്യന്തരപ്രശ്നങ്ങള്‍ മൂലമുണ്ടായ വോട്ടു ചോര്‍ച്ച നേട്ടമായി മാറി.
എസ്എൻഡിപിയുടെ വോട്ട് കൈപ്പിടിയിലൊതുക്കാനായതും, മണ്ഡലത്തിലെ ദീർഘകാലപരിചയം വച്ച് വോട്ട് വരുന്ന വഴി നോക്കി ചിട്ടയായ പ്രചാരണം നടത്തിയതും കാപ്പന് തുണയായി.
ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയില്‍ അടി പതറി നില്‍ക്കുന്ന എല്‍ഡിഎഫിന് തിരിച്ചു വരവിനുള്ള വഴി കൂടിയാണ് പാലാ ജയത്തിലൂടെ മാണി സി കാപ്പന്‍ തുറന്നിട്ടത്.
42.31 ശതമാനം വോട്ട് വിഹിതം നേടിയ മാണി സി കാപ്പന് ആകെ 54137 വോട്ടുകളാണ് ലഭിച്ചത്. എതിര്‍സ്ഥാനാര്‍ഥിയായ ജോസ് ടോമിന് 51194 വോട്ടുകള്‍ ലഭിച്ചു. 18044 വോട്ടുകള്‍ നേടി എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍.ഹരി മൂന്നാം സ്ഥാനത്ത് എത്തി.
2006,2011,2016 വര്‍ഷങ്ങളില്‍ പാലാ നിയമസഭയിലേക്ക് മത്സരിച്ച മാണി സി കാപ്പന്‍ ശക്തമായ മത്സരമാണ് കെഎം മാണിക്ക് സമ്മാനിച്ചത്. ബാര്‍കോഴ വിവാദത്തില്‍ കുടുങ്ങിയ മാണി 5000 വോട്ടുകള്‍ക്ക് കഷ്ടിച്ചാണ് 2016-ല്‍ പാലായില്‍ നിന്നും ജയിച്ചു കയറിയത്. കഴിഞ്ഞ തവണ കൈയെത്തും ദൂരത്ത് നഷ്ടമായ വിജയമാണ് മൂന്ന് വര്‍ഷത്തിനിപ്പുറം കാപ്പന്‍ തിരികെ പിടിക്കുന്നത്.
അഞ്ച് പതിറ്റാണ്ട് കൈവശം വച്ച് സീറ്റ് നഷ്ടപ്പെട്ടതിന് പല കാരണങ്ങളും യുഡിഎഫും കേരള കോണ്‍ഗ്രസും നിരത്തുന്നുവെങ്കില്‍ പ്രധാന കാരണം പാര്‍ട്ടിക്കുള്ളിലെ കൂട്ടത്തല്ലെന്ന് വ്യക്തം. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ വിശാലമായ പിളര്‍പ്പിലേക്ക് തന്നെ നയിച്ചേക്കാവുന്ന പ്രശ്നങ്ങള്‍ക്കാവും വരും ദിവസങ്ങളില്‍ ആ പാര്‍ട്ടി സാക്ഷ്യം വഹിക്കുക എന്നുറപ്പ്.
മറുവശത്ത് 2016- നിയമസഭാ തെരഞ്ഞെടുപ്പില്‍ 24,821 വോട്ടുകള്‍ നേടിയ ബിജെപിക്ക് ആറായിരത്തോളം വോട്ടുകള്‍ എവിടേക്ക് പോയെന്ന് ഉത്തരം കണ്ടെത്തേണ്ടി വരും
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.