ബാംഗ്ലൂർനാദം മാസികയുടെ ചരിത്രത്തിലൂടെ…

1998-2002 കാലയളവിൽ ബെംഗളൂരുവിൽ നിന്ന്‌ പ്രസിദ്ധീകരിച്ചിരുന്ന വാർത്താ സാഹിത്യ മാസികയാണ് ബാംഗ്ലൂർ നാദം .ഈ പോസ്റ്റുകാരനായിരുന്നു അതിന്റെ പിന്നിലെങ്കിലും വി .സോമരാജൻ മാനേജിംഗ് എഡിറ്ററും ഇയാസ് കുഴിവിള എഡിറ്ററുമായാണ് പ്രസിദ്ധീകരണം തുടങ്ങിയത്‌ .ചില സാങ്കേതിക കാരണങ്ങളാൽ സുധാകരൻ രാമന്തളി ,അഡ്വക്കറ്റ് റോസി ജോർജ്‌ ,അല്ല ത്ത് ഉണ്ണികൃഷ്ണൻ ,സത്യൻ പുത്തൂർ എന്നിവർക്കൊപ്പം ഉപദേശക സമിതി അംഗമായിട്ടാണ് എന്റെ പേരും മാസികയിൽ ചേർത്തിരുന്നത് .ഇയാസിനെ സഹായിക്കാൻ അലക്സ് എന്നൊരു സുഹൃത്തും ഉണ്ടായിരുന്നു .ആയിടക്ക് ഗൾഫിൽ നിന്നും തിരിച്ചെത്തിയ സുധാകരൻ രാമന്തളി തിരുത്തുകൾ എന്ന കോളവും അല്ലത്ത് ഉണ്ണികൃഷ്ണൻ ബാംഗ്ലൂരിന്റെ ചരിത്രവും എഴുതാമെന്നേറ്റു .

സുധാകരൻ രാമന്തളി

ആദ്യലക്കത്തിൽ പീന്യ വ്യവസായ മേഖല നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയുള്ള കവർസ്റ്റോറിയും എഡിറ്റോറിയലും എം .പി .നാരായണപിള്ളയെക്കുറിച്ചുള്ള കുറിപ്പും തയാറാക്കിയത് ഞാൻതന്നെ .കൂടാതെ പേരുവെച്ചുകൊണ്ട് ശിഷ്ടവൃത്താന്തം എന്ന കോളവും ആരംഭിച്ചു .ദാസറഹള്ളിയിലെ സൗന്ദര്യ പാരഡൈസ് ഹോട്ടലിൽ നടന്ന പ്രകാശനച്ചടങ് പ്രൗഡഗംഭീരമായിരുന്നു .ചലച്ചിത്ര താരം ബാബു ആന്റണി ,പ്രൊഫസർ എൻ .എസ്‌ .രാമസ്വാമി ,ഡോക്ടർ പി .പി .സുന്ദരൻ ,വി .പിതാംബരം ,ഇ .പി .ജേക്കബ്‌ ,കെ .രാജേന്ദ്രൻ ,സി .പി .രാധാകൃഷ്ണൻ ,ജോസഫ്‌ വന്നേരി ,സുധാകരൻ രാമന്തളി ,ജേക്കബ്‌ എബ്രഹാം ,അരവി ,സത്യൻ പുത്തൂർ ,അല്ല ത്ത് ഉണ്ണികൃഷ്ണൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത്‌ സംസാരിച്ചു .ബാംഗ്ലൂർ മലയാളികളെ ഒന്നടങ്കം ആകർഷിച്ച ,ഉയർന്ന നിലവാരം പുലർത്തിയ മാസികയായിരുന്നു ബാംഗ്ലൂർ നാദം .

വാർത്തകൾക്കെന്നപോലെ സാഹിത്യത്തിനും പ്രാധാന്യം നൽകിയിരുന്നു .മല്ലേശ്വരത്തെ പ്രീമ ഗ്രാഫിക്സിലാണ് ഡിറ്റിപിയും ലേഔട്ടും ചെയ്തിരുന്നത് .നല്ല ലേഔട്ടിൽ അക്ഷരതെറ്റുകൾ കൂടാതെ മാസിക ഇറക്കാൻ സഹായിച്ച പ്രീമ ഗ്രാഫിക്സിലെ ചേച്ചിയെ മറക്കാനാവില്ല .മാസത്തിൽ നാലഞ്ചുദിവസം ഞങ്ങളവിടെ ചെലവിട്ടിരുന്നു .അക്കാലത്ത് ബംഗളൂരിൽ മലയാളം ഡിടിപി വളരെ അപൂർവമായിരുന്നു .മാസിക നല്ല അഭിപ്രായം ഉണ്ടാക്കിയെങ്കിലും സാമ്പത്തികമായി നഷ്ടക്കച്ചവടമായിരുന്നു .എങ്കിലും എല്ലാമാസവും മുടങ്ങാതെ പ്രസിദ്ധീകരിച്ചു .ഒരു വർഷം കഴിഞ്ഞപ്പോൾ രാമന്തളി മുഖ്യപത്രാധിപരായി സ്ഥാനമേറ്റു .എൻ എ എസ് പെരിഞ്ഞനം പത്രാധിപനായി .കെ .സുരേന്ദ്രൻ ,കെ .സി .ഗോപിനാഥപിള്ള ,എം .കെ .സോമൻ ,വിലാസ് കുമാർ തുടങ്ങിയവർ നടത്തിപ്പ് കമ്മിറ്റി അംഗങ്ങളാവുകയും ചെയ്തു .നഗരത്തിലെ മലയാളികളുടെ വിവാദപ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് മാസിക മുന്നേറി .അക്കാലത്ത് പ്രമുഖ മലയാളപത്രങ്ങൾ ബംഗ്ലൂരിൽ നിന്ന് പ്രസിദ്ധീകരണം തുടങ്ങിയിരുന്നില്ല .അതുകൊണ്ടുതന്നെ മലയാളികൾ കൂടുന്നിടത്തെല്ലാം ബാംഗ്ലൂർ നാദം ചർച്ചാവിഷയമായിരുന്നു .

രണ്ടായിരത്തിരണ്ടുവരെ പ്രസിദ്ധീകരണം തുടർന്നു .സാമ്പത്തിക നഷ്ടവും ഞങ്ങളുടെ മറ്റുജോലിത്തിരക്കുകളും കാരണം മാസിക ഇറക്കാൻ കഴിയാത്ത അവസ്ഥ വന്നുചേർന്നു (തുടരും )

ലേഖകന്‍
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us