ബെംഗളൂരു: എ.ടി.എം. കൗണ്ടറിൽ സഹായത്തിനെത്തിയ ആൾ വിദഗ്ദമായി കാർഡ് മാറ്റി; പിന്നീട് കവർന്നത് 1.2 ലക്ഷം രൂപ. ഒരു മുൻ അധ്യാപികയുടെ പണമാണ് ഈ വിധം മോഷ്ടാവ് കവർന്നത്. കഴിഞ്ഞമാസം 14-ന് നാഗർഭാവിയിലെ എ.ടി.എം. കൗണ്ടറിൽ നിന്നാണ് അധ്യാപികയുടെ ഭർത്താവിനെ കബളിപ്പിച്ച് മോഷ്ടാവ് എ.ടി.എം. കാർഡ് കൈവശപ്പെടുത്തിയത്.
14 മുതൽ 18 വരെയുള്ള ദിവസങ്ങളിലാണ് 40,000 രൂപവീതം മൂന്നുതവണയായി എ.ടി.എം. കൗണ്ടറിൽനിന്ന് പണം പിൻവലിച്ചത്. പലവട്ടം കാർഡ് എ.ടി.എമ്മിലിട്ടെങ്കിലും പണമിടപാട് നടത്താൻ കഴിയാതെ വന്നതോടെ മറ്റൊരാൾ സഹായിക്കാനെത്തുകയായിരുന്നു. പണം പിൻവലിച്ചതിനുശേഷം ഇയാൾ മറ്റൊരു കാർഡാണ് അധ്യാപികയുടെ ഭർത്താവിന് നൽകിയത്.
തൊട്ടടുത്ത ദിവസം 40000 രൂപ പിൻവലിച്ചതായി മൊബൈലിൽ സന്ദേശം ലഭിച്ചതോടെ ഇവർ ബാങ്കിലെത്തി പരാതി നൽകി. തുടർന്ന് കാർഡ് പരിശോധിച്ച് ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് അറിയിച്ച ബാങ്ക് അധികൃതർ പുതിയ കാർഡ് നൽകി. ഇതിനിടെ രണ്ടുതവണകൂടി പണം പിൻവലിച്ചതായി സന്ദേശം വന്നതോടെ വീണ്ടും അധ്യാപിക ബാങ്കിലെത്തി. പിന്നീട് ഇവരുടെ കൈവശമുള്ള കാർഡ് പരിശോധിച്ചതിൽ നിന്നാണ് ഇത് മറ്റൊരാളുടെ പേരിലുള്ള കാർഡാണെന്ന് തിരിച്ചറിയുന്നത്.
ബാങ്ക് നൽകിയ പുതിയ കാർഡ് നേരത്തെ ഇവരുടെ കൈവശം മോഷ്ടാവ് നൽകിയ കാർഡുടമയുടെ പേരിൽ തന്നെയാണ് നൽകിയിരുന്നത്. ഇതോടെ ഇവർ പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി. കാർഡിൽനിന്ന് പണം പിൻവലിച്ചതായി ബാങ്കിൽ പരാതി നൽകിയിട്ടും പരിഹാരം കണ്ടില്ലെന്നും പരാതിയുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.