ബെംഗളൂരു: ഐ.എം.എ. ജൂവലറി ഉടമ പോലീസിൽ കീഴടങ്ങാൻ തയ്യാറാണെന്ന് അറിയിച്ച് വീഡിയോ സന്ദേശം പുറത്തുവിട്ടു. ആത്മഹത്യാ സന്ദേശം പ്രചരിപ്പിച്ച് ഒളിവിൽപോയ മുഹമ്മദ് മൻസൂർ ഖാൻ 15 ദിവസത്തിനുശേഷമാണ് ഇങ്ങനെ ഒരു സന്ദേശം അയക്കുന്നത്.
പോലീസിൽ കീഴടങ്ങാൻ തയ്യാറാണെന്നും അന്വേഷണസംഘവുമായി സഹകരിക്കുമെന്നും പറയുന്ന വീഡിയോയിൽ രാഷ്ട്രീയനേതാക്കളെയും ലക്ഷ്യം വെക്കുന്നുണ്ട്. തനിക്കും കടുംബത്തിനും ഭീഷണിയുണ്ടെന്നും കൂടെയുള്ളവരും അടുപ്പമുള്ള രാഷ്ട്രീയക്കാരും വഞ്ചിച്ചെന്നും 18 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ പറയുന്നു.
“ഐ.എം.എ. ജൂവലറിയെ ഉപദ്രവിക്കാൻ പലരും വിവിധ മാർഗങ്ങൾ സ്വീകരിച്ചു. എല്ലാ കാര്യങ്ങളും ഇന്ത്യയിലെത്തി പോലീസിലും കോടതിയിലും വെളിപ്പെടുത്തും. ജൂൺ 14-ന് ഇന്ത്യയിലേക്കു വരാൻ തയ്യാറായതാണെങ്കിലും എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു. ജീവന് ഭീഷണിയുള്ളതിനാലാണ് കുടുംബത്തെ ഒളിപ്പിക്കാൻ നിർബന്ധിതനായത്.”
“പണം നിക്ഷേപിച്ചവർക്കുവേണ്ടിയാണ് തിരിച്ചെത്തുന്നത്. കഴിഞ്ഞ 13 വർഷത്തിനിടെ കമ്പനി 12,000 കോടി രൂപയുടെ ലാഭം നേടി”യെന്നും മൻസൂർ ഖാൻ വീഡിയോ സന്ദേശത്തിൽ പറയുന്നു.
ആരുടെ മുന്നിൽ കീഴടങ്ങണമെന്ന് അറിയിച്ച് മെസേജ് അയയ്ക്കാൻ സിറ്റി പോലീസ് കമ്മിഷണർ അലോക് കുമാറിനോട് മൻസൂർ ആവശ്യപ്പെട്ടു. ഇതിനായി ഫോൺ നമ്പർ വെളിപ്പെടുത്തി.
രാജ്യം വിട്ടുപോയത് തെറ്റായിപ്പോയെന്നും സ്വന്തം ആൾക്കാരും ചില അടുപ്പമുള്ള രാഷ്ട്രീയക്കാരും പിന്നിൽനിന്ന് കുത്തിയെന്നും പറഞ്ഞ മൻസൂർ സംഭവിച്ചതൊന്നും മുൻകൂട്ടി പദ്ധതിയിട്ടതല്ലെന്നും വെളിപ്പെടുത്തി. കോൺഗ്രസ് എം.എൽ.എ. റോഷൻ ബെയ്ഗ് 400 കോടി രൂപ കബളിപ്പിച്ചതായി ആരോപിച്ച് ആത്മഹത്യാ സന്ദേശം പുറത്തുവിട്ട ശേഷമായിരുന്നു മൻസൂർ ഒളിവിൽ പോയത്. ഇതോടെ കമ്പനിയിൽ നിക്ഷേപം നടത്തിയവർ പരാതിയുമായി രംഗത്തെത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.