ബെംഗളൂരു: ആറുവർഷത്തിനിടെ ബസ് സ്റ്റാൻഡുകളിൽ പുകവലിച്ചവരിൽനിന്ന് കർണാടക ആർ.ടി.സി. ഈടാക്കിയത് 2.6 കോടി പിഴ. 1.3 ലക്ഷം യാത്രക്കാരിൽനിന്നാണ് ഈ തുക പിഴയായി ഈടാക്കിയത്. ബോധവത്കരണം ഊർജിതമാക്കിയിട്ടും കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡുകളിൽ പുകവലിക്ക് കുറവില്ല.
ബോധവത്കരണ പ്രവർത്തനങ്ങൾക്കായി പ്രദേശിക കൂട്ടായ്മകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന കൂട്ടായ്മകൾക്ക് സർക്കാർ ലക്ഷക്കണക്കിന് രൂപയും ചെലവിട്ടു. എന്നാൽ ഇവയൊന്നും ഫലപ്രദമായില്ല. സംസ്ഥാനത്തെ മുഴുവൻ ബസ്സ്റ്റാൻഡുകളിലും പുകവലിക്കെതിരേ ഒട്ടേറെ ബോധവത്കരണ പ്രവർത്തനങ്ങളാണ് നടന്നത്.
പുകവലി വർധിച്ചുവരുന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കും. ബസ്സ്റ്റാൻഡുകളിൽ പുകവലി ശ്രദ്ധയിൽപ്പെട്ടാൽ ചുമതലയുള്ള ഗാർഡിനാണ് പിഴ ഈടാക്കാനുള്ള അധികാരം. 200 രൂപ വരെ പിഴ ഈടാക്കാം. പിഴ തുക വർധിപ്പിക്കുന്നതും പരിഗണിക്കുന്നുണ്ട്.
ബസിനുള്ളിൽ പുകവലിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പോലീസിന്റെ സഹായംതേടാനും തീരുമാനമുണ്ട്. ആളൊഴിഞ്ഞ ബസുകളിലിരുന്ന് പുകവലിക്കുന്ന ഒട്ടേറെ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർക്കാർക്കെതിരെ കർശന നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്.
2018-19 സാമ്പത്തിക വർഷം 35.23 ലക്ഷം രൂപയാണ് കർണാടക ആർ.ടി.സി.ക്ക് ഈയിനത്തിൽ കിട്ടിയത്. ആറുവർഷത്തിനിടെ 2014-15 വർഷത്തിലാണ് ഏറ്റവും കൂടുതൽ യാത്രക്കാരിൽനിന്ന് പിഴയീടാക്കിയത്. 64.03 ലക്ഷം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.