ബെംഗളൂരു: ലാൽബാഗ് മാമ്പഴ മേളയിൽ 100-ഓളം സ്റ്റാളുകളിലായി വിൽപ്പനയ്ക്കുള്ളത് പൂർണമായും ജൈവരീതിയിൽ ഉദ്പാദിപ്പിച്ച മാമ്പഴവും ചക്കയും. സംസ്ഥാന മാമ്പഴവികസന കോർപ്പറേഷന്റെ നേതൃത്വത്തിൽ നടക്കുന്ന മാമ്പഴമേളയിൽ 10 ജില്ലകളിൽ നിന്നുള്ള വ്യത്യസ്തയിനം മാമ്പഴങ്ങളും ചക്കകളുമാണ് ഒരുക്കിയിരിക്കുന്നത്. മേള 24-ന് സമാപിക്കും.
അൽഫോൺസാ, മല്ലിക, ബാദാമി, സ്വീറ്റി, മൾഗോവ, ഷുഗർ ബേബി, റാസ്പുരി, സിന്ധൂര, ബെംഗനപ്പള്ളി, തോട്ടാപുരി, ദസേരി, നീലം, രാജഗിര, അമരപാളയ തുടങ്ങിയ ഇനങ്ങളാണ് മേളയെ സമ്പന്നമാക്കുന്നത്. ഇസ്രായേലിൽ നിന്നുള്ള വ്യത്യസ്തയിനം മാമ്പഴമായ ഇസ്രയേലി ലില്ലിയും വിൽപ്പനയ്ക്കുണ്ട്. കിലോഗ്രാമിന് 200 രൂപയാണ് ഇതിന്റെ വില.
മാമ്പഴങ്ങളുടെ കൃഷിരീതി പരിചയപ്പെടുത്തുന്ന ചെറുപ്രദർശനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കർഷകരോട് നേരിട്ട് സംസാരിക്കാനും അവസരമുണ്ട്. ഇടനിലക്കാരില്ലാതെ കർഷകർ നേരിട്ടാണ് മാമ്പഴവും ചക്കയും മേളയിലെത്തിച്ചിരിക്കുന്നത്.
മല്ലികയ്ക്കും ഷുഗർ ബേബിക്കും 70 രൂപയും മൾഗോവയ്ക്ക് 100 രൂപയുമാണ് ഈടാക്കുന്നത്. മറ്റു മാമ്പഴങ്ങൾക്ക് 40 രൂപമുതൽ 120 രൂപ വരെയാണ് വില. അച്ചാറുകൾക്കും മറ്റ് മാമ്പഴ ഉത്പന്നങ്ങൾക്കും 20 രൂപമുതലാണ് നൽകേണ്ടത്. പേച്ചിപ്പാറ, തുബുഗരെ തുടങ്ങിയ ചക്കയിനങ്ങളും മേളയിലുമുണ്ട്. കിലോയ്ക്ക് 12 രൂപ മുതലാണ് ചക്കയുടെ വില.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.